27 May Wednesday

ഹാപ്പി ഹോമാണ്‌, കെയർ സെന്റർ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

ആനയറയിലെ കെയർ സെന്റർ

തിരുവനന്തപുരം
കോവിഡിനെ പടിക്ക്‌ പുറത്താക്കാൻ തലസ്ഥാനത്ത്‌ കെയർഹോം. ആനയറ സമേതിയിലെ കർഷകഭവനമാണ്‌ ജില്ലയിലെ ആദ്യ ‘കെയർസെന്ററായി’ മാറിയത്‌.സദാസമയവും അന്തേവാസികളുടെ ആരോഗ്യാവസ്ഥ നിരീക്ഷിക്കുന്ന മെഡിക്കൽ സംഘമുൾപ്പെടെ ഇവിടെയുണ്ട്‌. എയർപോർട്ടിൽ വന്നിറങ്ങുന്നവരിൽ അസുഖലക്ഷണമുള്ളവർ, രോഗം വരാൻ സാധ്യതയുള്ളവർ, വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ പോകുന്നതിന്‌ ആംബുലൻസ്‌ പോലുള്ള സുരക്ഷിത വാഹനസൗകര്യം ഇല്ലാത്തവർ അടക്കം ഹോമിൽ നിരീക്ഷണത്തിലാണ്‌. 
അസുഖ ബാധിതനാണെങ്കിൽ ഉടൻ ആശുപത്രിയിലേക്ക്‌ മാറ്റും. ആംബുലൻസിലാണ്‌ എത്തിക്കുന്നതും വീട്ടിലേക്ക്‌ തിരികെ അയക്കുന്നതും. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവരെയും ഇവിടെ പാർപ്പിക്കും. 
 
ഡോക്ടർമാർ, നേഴ്‌സുമാർ, അറ്റൻഡന്റുമാർ എന്നിവരടങ്ങിയ 15 അംഗസംഘത്തിന്റെ സേവനം 24 മണിക്കൂറുമുണ്ട്‌. കോവിഡ്‌ പ്രതിരോധ, ബോധവൽക്കരണ നിർദേശങ്ങളും നൽകും. കുടുംബശ്രീ വഴിയാണ്‌ ഭക്ഷണം. വിവിധ ദിവസങ്ങളിലായി ഇതുവരെ 52 പേർ ഹോമിൽ താമസിച്ചു. മികച്ച സേവനത്തിന്‌ നന്ദി പറഞ്ഞാണ്‌ ഇവർ മടങ്ങിയത്‌.
 
വരും ദിവസങ്ങളിൽ കോവിഡ്‌സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. മാനസികോല്ലാസത്തിന്‌ ആവശ്യമായ സൗകര്യങ്ങളും ഒരുക്കും. ഇന്റർനെറ്റ്‌, വൈഫൈ, പുസ്‌തകങ്ങൾ ഉൾപ്പെടെ ലഭ്യമാക്കും. മാനസികാരോഗ്യ വിദഗ്‌ധരുടെ സേവനവും നൽകും. സമേതിക്ക്‌ പുറമേ കോവിഡ്‌ കെയർ സെന്ററാക്കാനുള്ള മറ്റുകെട്ടിടങ്ങളും കണ്ടെത്തിക്കഴിഞ്ഞു. 
 
സംസ്ഥാനത്തൊട്ടാകെ ഇത്തരം കെയർസെന്ററുകൾ ആരംഭിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങൾക്ക്‌ പുറമേ പൊതു, സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും കെയർസെന്ററാക്കും. ഇത്തരം കെട്ടിടങ്ങൾ കണ്ടെത്താൻ ഡിഎംഒമാർക്കും കലക്ടർമാർക്കും നിർദേശം നൽകിയിരുന്നു.
പ്രധാന വാർത്തകൾ
 Top