25 May Monday

മാമല കാക്കും ഉഴമലയ്‌ക്കൽ

എ എസ്‌ ശരത്‌Updated: Friday Mar 20, 2020

ഉഴമലയ്ക്കൽ മങ്ങാട്ടുപാറ

ആര്യനാട്  

ഹരിതാഭമായ നാടിന്റെ ജൈവഘടനയിൽ ഒരു പാറക്കൂട്ടത്തിന്‌ എന്താണ്‌ പങ്ക്‌. ചോദ്യം ഉഴമലയ്‌ക്കലുകാരോടാണെങ്കിൽ അവർ മങ്ങാട്ടുപാറ ചൂണ്ടിക്കാട്ടി പറയും ഇതാണ്‌ ഞങ്ങളുടെ ജീവൻ. വെള്ളമായും മണ്ണായും തണലായും താങ്ങിനിർത്തുന്ന മഹാമേരു. ആ ജൈവ മണ്ഡലം തകർത്തെറിയാൻ ചിലരെത്തിയാൽ എന്തു ചെയ്യാനാകും. വമ്പൻ മാഫിയയെ പ്രതിരോധിക്കാനുള്ള ഊർജം ഇവർക്ക്‌ എവിടെ നിന്ന്‌ ലഭിക്കും. അവിടെയാണ്‌ ഉഴമലയ്‌ക്കൽ വ്യത്യസ്തമാകുന്നത്‌. വികസനമെന്തായാലും പരിസ്ഥിതിയെ തൊട്ടുകളിക്കണ്ട എന്നു പറയുന്ന ഒരു പഞ്ചായത്തും അതിന്‌ നേതൃത്വം നൽകുന്ന ഒരു പ്രസിഡന്റും അവർക്കുണ്ട്‌. 
 
മുഴുവൻ രാഷ്ട്രീയ പാർടികളും ജനങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി പ്രതിരോധത്തിന്റെ ഊർജം പകരാൻ കെൽപ്പുള്ള ജനപക്ഷ ഭരണമുണ്ട്‌. അതിനായി മുഖ്യമന്ത്രി, റവന്യു മന്ത്രി, വ്യവസായ മന്ത്രി എന്നിവർക്കും പാരിസ്ഥിതിക വകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, പാരിസ്ഥിതിക ആഘാതപഠനകേന്ദ്രം, മൈനിങ്‌ ആൻഡ് ജിയോളജി ബോർഡ് തുടങ്ങി ബന്ധപ്പെട്ട എല്ലായിടത്തും നിവേദനം നൽകി. ഖനനത്തിനു നൽകിയ എൻഒസി റദ്ദാക്കാൻ സർക്കാർ വഴി കലക്ടർക്ക്‌ നിർദേശം നൽകിച്ചു. തീർന്നില്ല ജനകീയമായ പ്രതിരോധത്തിലൂടെ നാടിന്റെ ജൈവകണ്ണി അടർന്നുപോകാതെ പാറ സംരക്ഷണം എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള മാതൃകാ പ്രവർത്തനത്തിൽ നാടിനെയാകെ അണിനിരത്തി. ഫലം മങ്ങാട്ടുപാറ വെറും മണ്ണായി മാറാതെ തലയെടുത്ത്‌ നിൽക്കുന്നു ഉഴമലയ്‌ക്കലിന്റെ ഉയരങ്ങളിൽ.
 

ഇവർ ചിന്തിച്ചു എല്ലായിടത്തും ശൗചാലയം

 

പാറ വിഷയത്തിൽ മാത്രമല്ല  ഉഴമലയ്ക്കൽ പഞ്ചായത്ത് നടപ്പാക്കുന്ന എല്ലാ വികസനത്തിലും ഈ ഹരിതാഭ നിലനിൽക്കുന്നുണ്ട്‌. അങ്ങനെയാണ്‌ ജില്ലയിലെ ആദ്യത്തെ സമ്പൂർണ ശൗചാലയ പഞ്ചായത്ത്‌ എന്ന നേട്ടത്തിൽ ഉഴമലയ്‌ക്കൽ എത്തിയത്‌. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ കൈവരിച്ച എ പ്ലസ് നേട്ടം പഞ്ചായത്തിന്റെ തനത്‌ പദ്ധതികൾ വിജയിപ്പിക്കുന്നതിലും നിലനിർത്തി. 
 
കിടപ്പുരോഗികൾക്കുള്ള ദുരിതാശ്വാസനിധി, സ്ഥാപനങ്ങളിലും സമ്പൂർണ വൈദ്യുതീകരണം, കുടിവെള്ള പദ്ധതി, കാർഷികവിപണന കേന്ദ്രങ്ങൾ, ആധുനിക പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവ നാടിനാകെ ഉപകാരപ്പെടുന്ന രീതിയിൽ വിന്യസിപ്പിച്ചു.
 നാട്ടുകാരുടെ സ്വപ്‌നമായിരുന്ന കല്ലുപാലം റോഡും പാലവും  യാഥാർഥ്യമാക്കി. ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ പഞ്ചായത്തിൽ പുതിയ ഓഫീസ് മന്ദിരത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. 
പ്രധാന വാർത്തകൾ
 Top