25 May Monday
കാട്ടാക്കട മണ്ഡലം

22 ഗ്രാമീണ റോഡ്‌ നവീകരിക്കാൻ 3.56 കോടി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കാട്ടാക്കട
കാട്ടാക്കട നിയോജകമണ്ഡലത്തിലെ 22 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരള പുനർനിർമാണ പദ്ധതിയിലൂടെ 3.56 കോടി രൂപ അനുവദിച്ചു. ആറുപഞ്ചായത്തുകളിലെ റോഡുകൾക്കായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക ലഭ്യമാക്കിയത്. പ്രളയത്തിൽ തകർന്ന, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും എന്നാൽ റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുള്ളതാണ്‌ പദ്ധതി.
 
മലയിൻകീഴിലെ മഞ്ചാടി റോഡ്‌, വിഷ്ണുപുരം–-കൂത്തക്കോട് റോഡ്‌, പുളിമൂട് ഇടറോഡ്‌ കോൺക്രീറ്റ് എന്നിവയ്‌ക്ക്‌ 52 ലക്ഷവും പള്ളിച്ചലിൽ മൊട്ടമൂട്–-മാവുവിള റോഡ്‌, മൊട്ടമൂട്–-പറമ്പിക്കോണം റോഡ്‌, മുക്കംപാലമൂട്–-അമ്മാനിമല–-തലയർകോണം–-നരുവാംമൂട് റോഡ്‌, താന്നിവിള–-കൊടിനട റോഡ്‌, തുണ്ടുവിളാകം–-കുളങ്ങരക്കോണം റോഡ്‌ എന്നിവയ്‌ക്ക്‌ 86 ലക്ഷവും അനുവദിച്ചു. 
 
വിളപ്പിൽ പഞ്ചായത്തിലെ ചെറുകോട് -–-കരിമ്പാറ്റി റോഡ്‌ പാർശ്വ ഭിത്തി നിർമാണം, ടാറിങ്‌, സ്‌കൈലൈൻ–-കുഞ്ചുകോണം റോഡ്‌, കാപ്പിവിള–മണ്ണയം റോഡിലെ സംരക്ഷണ ഭിത്തി, വിട്ടിയം–-കല്ലുവരമ്പ് റോഡിലെ സംരക്ഷണ ഭിത്തി എന്നിവയ്‌ക്ക്‌ 65 ലക്ഷം രൂപയും കാട്ടാക്കടയിലെ പൂച്ചടിവിള–-മോളിയൂർ റോഡ്‌, മുള്ളിലവിൻമൂട് റോഡ്‌, കൊമ്പാടിക്കൽ–-ക്ഷേത്രനട റോഡ്‌ എന്നിവയ്‌ക്ക്‌ 30 ലക്ഷം രൂപയും അനുവദിച്ചു.
 
മാറനല്ലൂരിലെ കുഴിവിള–-ഏറെകീളിയോട് റോഡ്‌, വണ്ടനൂർ–-ചെഞ്ചേരി റോഡ്‌, പുന്നാവൂർ–-കാരാണിവിള സിഎസ്ഐ നഗർ റോഡ്‌, തൊട്ടിക്കര–- - മാവുവിള റോഡ്‌ എന്നിവയ്‌ക്ക്‌ 70 ലക്ഷം രൂപ അനുവദിച്ചു. വിളവൂർക്കലിലെ തുറവൂർ കുളത്തിനടുത്ത്ചുറ്റി റോഡ്‌, പെരുകാവ് -–-പുളിയറത്തല പഴവീട്ടുനട റോഡ്‌ അരികുകെട്ടലും കോൺക്രീറ്റും, കുരിശുമുട്ടം–-ലക്ഷ്മി നഗർ -–-വട്ടവിള റോഡ്‌, മൂലത്തോപ്പ് -–-ആറ്റിൻകുഴി റോഡ്‌ എന്നിവയ്‌ക്കുമായി 53 ലക്ഷം രൂപ അനുവദിച്ചു.
  
റോഡുകളുടെ പ്രവർത്തനവും പരിപാലനം രണ്ടുവർഷത്തേക്ക് ഉറപ്പുവരുത്തണമെന്ന് നിബന്ധനയോടെയാണ് ടെൻഡർ നടപടി സ്വീകരിക്കുക. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കാനാകുമെന്ന് ഐ ബി സതീഷ്‌ എംഎൽഎ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top