30 May Saturday

വെമ്പായത്ത് അത്യാധുനിക ക്രിമിറ്റോറിയം വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
നെടുമങ്ങാട് 
വെമ്പായം പഞ്ചായത്തില്‍ അത്യാധുനിക സംവിധാനത്തോടെ വിപുലമായ ക്രിമിറ്റോറിയം ഒരുങ്ങുന്നു. പഞ്ചായത്തിലെ ചീരാണിക്കര വാര്‍ഡില്‍ ഉള്‍പ്പെട്ട മുഖപുരത്തെ 34 സെന്റ്‌ പുരയിടത്തിലാണ് ക്രിമിറ്റോറിയം സജ്ജീകരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുങ്ങുന്ന ശ്മശാനം നെടുമങ്ങാട് മേഖലയിലെ പഞ്ചായത്ത്‌ വാസികള്‍ക്ക് ശവസംസ്കാരത്ത്‌ സഹായകരമാകും. നെടുമങ്ങാട് നഗരസഭ കല്ലമ്പാറയില്‍ ശാന്തിതീരം സജ്ജീകരിച്ചിട്ടുണ്ട്‌.
 
വെമ്പായത്ത് ശ്‌മശാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗ്രാമവാസികള്‍ സംസ്‌കാരത്തിനായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ ശാശ്വത പരിഹാരമാകും. വെമ്പായം പഞ്ചായത്തുവച്ച പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം ലഭിച്ച പദ്ധതി നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെകൂടി സഹായത്തിലാണ് നടപ്പാക്കുന്നത്. 
 
പ്രദേശവാസികളെ പങ്കെടുപ്പിച്ച്‌ വിപുലമായ ആക്ഷന്‍ കൗണ്‍സിലും നിര്‍മാണ പ്രവൃത്തികളുടെ മേല്‍നോട്ടത്തിനായി രൂപീകരിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം രൂപയും ജനങ്ങളില്‍നിന്ന്‌ സ്വരൂപിച്ച രണ്ടു ലക്ഷം രൂപയും ഉപയോഗിച്ചാണ് ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഹാബിറ്റാറ്റാണ് കെട്ടിണ നിര്‍മാണം നടത്തുന്നത്. രണ്ടാം ഘട്ട നിര്‍മാണത്തിനായി എഴുപതു ലക്ഷം രൂപയാണ് ചെലവ്‌. 
 
കെട്ടിടത്തിനും അനുബന്ധ സജ്ജീകരണങ്ങള്‍ക്കുമാണത്. അതില്‍ 32ലക്ഷം രൂപ നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് അനുവദിച്ചു. ബാക്കി തുക പഞ്ചായത്ത് നൽകും. നാലുമാസംകൊണ്ട് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ്‌ ഹാബിറ്റാറ്റ് കരാര്‍പ്രകാരം അംഗീകരിച്ചത്. ശേഷമുള്ള പരിസര സജ്ജീകരണങ്ങള്‍ ഒരു മാസംകൊണ്ടു പൂര്‍ത്തിയാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top