20 April Saturday

‘പെൻഷൻ ശരിയാക്കി തന്നവർക്കാ എന്റെ വോട്ട‌് ’

സ്വന്തം ലേഖകൻUpdated: Wednesday Mar 20, 2019

പാളയം പള്ളിയിൽ വോട്ടർമാരെ കാണാനെത്തിയ എൽഡിഎഫ്‌ തിരുവനന്തപുരം പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി സി ദിവാകരനെ ആശിർവദിക്കുന്ന കുന്നുകുഴി സ്വദേശി മെറ്റിൽഡ

തിരുവനന്തപുരം 
എനിക്ക‌് പെൻഷൻ ശരിയാക്കി തന്ന സർക്കാരിന്റെ ആളിനെയുള്ളു വോട്ട‌്....’ പാളയം സെന്റ‌് ജോസഫ‌് കത്തീഡ്രലിനു മുന്നിലിരുന്ന‌് മെറ്റിൽഡ ഉറച്ച സ്വരത്തിൽ പറഞ്ഞു. ഇത‌് സർക്കാരിന്റെ ആള‌് തന്നെ എൽഡിഎഫ‌് സ്ഥാനാർഥി സി ദിവാകരൻ..... കൗൺസിലർ ഐ പി ബിനു ഇത‌് പറഞ്ഞു തീരും മുമ്പ‌്... നിറഞ്ഞ ചിരിയോടെ മെറ്റിൽഡ: ‘നിങ്ങൾക്കാണ‌് എന്റെ വോട്ട‌്.... എനിക്ക‌് പെൻഷൻ കിട്ടിയത‌് ഇപ്പോഴാണ‌്....പാവങ്ങൾക്ക‌് എന്തെങ്കിലും ചെയ്യുന്നവർക്കാ എന്റെ വോട്ട‌്.. നിങ്ങളു ജയിക്കും...’ ആത്മാർഥതയോടെ സ്ഥനാർഥിയുടെ കൈപിടിച്ചുള്ള ആശംസ. പാളയം പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള സ‌്നേഹവിരുന്നിൽ പങ്കെടുക്കാനെത്തിയതായിരുന്നു മെറ്റിൽഡയും കുടുംബാംഗങ്ങളും. കുന്നുകുഴി സ്വദേശിയായ മെറ്റിൽഡയ‌്ക്ക‌് വാർധക്യകാല പെൻഷൻ അനുവദിച്ചത‌് സമീപകാലത്താണ‌്. കുടിശ്ശിക തീർത്ത‌്  നേരിട്ട‌് അത‌് കൈകളിലെത്താൻ തുടങ്ങിയ‌ത‌് മെറ്റിൽഡയെ പോലുള്ള പതിനായിരങ്ങൾക്കാണ‌് ആശ്വാസമായത‌്. തുക വർധിപ്പിച്ച‌് നൽകിയതും പിണറായി സർക്കാരാണ‌്. മെറ്റിൽഡയെ പോലുള്ളവരുടെ പിന്തുണയാണ‌് എൽഡിഎഫിനും തനിക്കും കരുത്തു നൽകുന്നത‌് സി ദിവാകരൻ പറഞ്ഞു. 
 
പള്ളിയിലെ സ‌്നേഹവിരുന്നിലും അദ്ദേഹം പങ്കെടുത്തു. പള്ളി സെക്രട്ടറി ഓസ‌്റ്റിൻ എ മോറിസ‌്, ഇടവക വികാരി ഫാ. നിക്കോളാസ‌് തുടങ്ങിയവർ ചേർന്ന‌് സ്വീകരിച്ചു. മേയർ വി കെ പ്രശാന്ത‌്, സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സൺ എസ‌് പുഷ‌്പലത തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായി. കാലത്തിന്റെ മുന്നേ നടന്ന കമ്യൂണിസ‌്റ്റ‌് നേതാവ‌് ഇ എം എസിന്റെ അനുസ‌്മരണ ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ‌് സി ദിവാകരൻ ചൊവ്വാഴ‌്ചത്തെ സന്ദർശന പരിപാടി തുടങ്ങിയത‌്. നിയമസഭയ‌്ക്ക‌് മുന്നിലെ ഇ എം എസ‌് പാർക്കിൽ എത്തിയ അദ്ദേഹം ഇ എം എസിന്റെ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി എസ‌് അച്യുതാനന്ദനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും മറ്റു നേതാക്കൾക്കുമൊപ്പം പുഷ‌്പാർച്ചന നടത്തി. നേതാക്കളും പ്രവർത്തകരുമായും അദ്ദേഹം ചർച്ച നടത്തി. ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർഥി എ സമ്പത്തുമായി സൗഹൃദം പങ്കുവച്ചു. അനുസ‌്മരണചടങ്ങ‌ിന‌് ശേഷമാണ‌് മടങ്ങിയത‌്. 
 
തുടർന്ന‌് കരിക്കകം ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങിലേക്ക‌്. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു. പൊങ്കാലയ‌്ക്ക‌് എത്തിയവരോട‌് വോട്ടഭ്യർഥിച്ച‌് മടക്കം. കരകുളത്തെ ഒരു വിവാഹചടങ്ങിലും തെരഞ്ഞെടുപ്പു ഭാരവാഹി യോഗത്തിലും പങ്കെടുത്തു. ഉച്ചകഴിഞ്ഞ‌് കഴക്കൂട്ടം, ഉള്ളൂർ, പേരൂർക്കട, നെട്ടയം മേഖലാ കൺവൻഷനുകളിൽ പങ്കെടുത്തു. വൻ ജനാവലിയാണ‌് ഒരോ കൺവൻഷനുകളിലും പങ്കെടുത്തത‌്.
 
 
 
 
പ്രധാന വാർത്തകൾ
 Top