04 April Saturday

വെറുപ്പിന്റെ പ്രത്യയശാസ്‌ത്രത്തിനെതിരെ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

പൗരസ്വീകരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ റവ. എ ധർമരാജ് റസാലം സ്വീകരിക്കുന്നു. മേയർ കെ ശ്രീകുമാർ സമീപം

തിരുവനന്തപുരം 
തങ്ങളുടെ മതം മാത്രമാണ്‌ ശരിയെന്നും മറ്റുള്ളവയെ രാജ്യത്തിന്റെ ഭാഗമായി ഉൾക്കൊള്ളേണ്ടതില്ലെന്നും പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിഎസ്‌ഐ സഭ മോഡറേറ്റായി തെരഞ്ഞെടുക്കപ്പെട്ട റവ. എ ധർമരാജ് റസാലത്തിന് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത്‌ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് ധർമരാജ്‌ റസാലം മോഡറേറ്റർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നത്‌ അഭിമാനകരമാണ്‌. സമൂഹത്തെ വർഗീയതയുടെ പേരിൽ വേർതിരിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലർത്തി സഭയെ നയിക്കാനും ശക്തിപ്പെടുത്താനും ധർമരാജ് റസാലത്തിന് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈവിധ്യങ്ങൾ നിലനിർത്തി എങ്ങനെ ഒരുമയോടെ കഴിയാമെന്ന്‌ തെളിയിച്ച സഭയാണ് സിഎസ്ഐ സഭ. വൈവിധ്യങ്ങൾ ഇല്ലാതാക്കിയാൽ മാത്രമേ ഒരുമ ഉണ്ടാകൂ എന്ന് പറയുന്നവർക്കുള്ള പാഠമാണ് സിഎസ്ഐ സഭയുടെ രൂപീകരണം. സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് മിഷണറിമാർ നൽകിയിട്ടുള്ള സംഭാവനകൾ നാടിന്റെ ചരിത്രത്തോട് ചേർത്ത് വായിക്കേണ്ടതാണ്. വിദ്യാഭ്യാസം വ്യാപിപ്പിക്കാനും അടിമത്തം അവസാനിപ്പിക്കാനും വനിതാ വിമോചനത്തിനും ജാതിയും അയിത്തവും ഉന്മൂലനം ചെയ്യാനും മിഷണറിമാർ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമാണത്‌. അതുകൊണ്ട്‌ തന്നെ നവോത്ഥാന മൂല്യങ്ങൾ ചോർച്ച വരാതെ ശ്രദ്ധിക്കാൻ പുതിയ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട റസാലത്തിനു കഴിയണമന്നും മുഖ്യമന്ത്രി പറഞ്ഞു.  
യാഥാസ്ഥിതിക വ്യവസ്ഥിതിയെ എതിർക്കുകയും ചെറുക്കുകയും ചെയ്ത ചരിത്രമാണ് യേശുവിന്റേത്. യേശുവിന്റെ സന്ദേശങ്ങൾ അടിസ്ഥാന വർഗത്തിനിടയിൽ എത്തിച്ചവരാണ്‌ മിഷണറികൾ. നമ്മുടെ മുൻ രാഷ്ട്രപതി കെ ആർ നാരായണന് പഠിക്കാൻ അവസരം ലഭിച്ചത് സിഎസ്ഐ സഭയുടെ ഭാഗമായുള്ള വിദ്യാലയത്തിലാണ്. ജാതിവ്യവസ്ഥയുടെ അക്കാലത്ത്‌ അത്രയും പുരോഗമനപരമായ തീരുമാനം സഭ സ്വീകരിച്ചു. നമ്മുടെ നവോത്ഥാനത്തെ ത്വരിതപ്പെടുത്തിയ ആശയങ്ങൾ ഉളവായത് കേരള സമൂഹത്തിൽ ക്രൈസ്തവ മിഷണറിമാർ നടത്തിയ ഇടപെടലുകളുടെ തുടർച്ചയായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യത്തിനും നീതിക്കും സമൂഹത്തിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന പാരമ്പര്യമാണ്‌ സഭയുടേത്‌. മിഷണറി പ്രവർത്തനങ്ങളുടെ അന്തഃസത്തയുൾക്കൊണ്ട്‌ കാലത്തിനനുസരിച്ച് പ്രവർത്തനങ്ങളെ പുനഃക്രമീകരിച്ച് കൂടുതൽ പുരോഗമനപരമായി മുന്നോട്ട് കൊണ്ടുപോകാൻ ധർമരാജ്‌ റസാലത്തിന്‌ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. മേയർ കെ ശ്രീകുമാർ അധ്യക്ഷനായി. ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എംപി, എംഎൽഎമാരായ കെ ആൻസലൻ, ഒ രാജഗോപാൽ, മുൻ സ്പീക്കർ എൻ ശക്തൻ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, ബിഷപ് കുര്യാക്കോസ് മാർ സെവേറിയോസ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ഡോ. ബെന്നറ്റ് എബ്രഹാം, റവ. പി ജി ജോസ് തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top