04 April Saturday
ലക്ഷങ്ങളുടെ നാശനഷ്‌ടം

പാപനാശത്ത്‌ റസ്‌റ്റോറന്റുകൾ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

വർക്കല 

പാപനാശം തിരുവമ്പാടി ബീച്ചിന് സമീപമുള്ള റസ്റ്റോറന്റുകൾക്ക് തീപിടിച്ചു.  ലക്ഷങ്ങളുടെ നാശനഷ്ടം. ആളപായമില്ല. രണ്ട് റസ്റ്റോറൻ്റുകൾ പൂർണമായും രണ്ട് ഷോപ്പുകൾ ഭാഗികമായും കത്തിനശിച്ചു. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വർക്കല ഫയർഫോഴ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. അപകടകാരണം  വ്യക്തമല്ല. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. തിരുവമ്പാടി ബീച്ചിന് സമീപം കടൽനിരപ്പിന് മുകളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് തട്ടുകളിലായി തടികളും കാറ്റാടിക്കഴകളും കൊണ്ട് നിർമിച്ച ബോട്സ്മാൻ കഫേയിലാണ്‌ ആദ്യം തീ പിടിത്തമുണ്ടായത്. റസ്റ്റോറന്റിനുള്ളിൽ സൂക്ഷിച്ചിരുന്ന മേശ, കസേര, ഫ്രിഡ്ജ് എന്നിവയടക്കമുള്ള ഉപകരണങ്ങൾ പൂർണമായും അഗ്നിക്കിരയായി. നിരവധി പേർ റസ്റ്റോറന്റിൽ താമസിച്ചിരുന്നെങ്കിലും തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. ഇതിനിടെ കഫേറ മാറ്റികോ സൂപ്പർ മാർക്കറ്റിന് തീ പിടിച്ചു. ഇവിടെയുണ്ടായിരുന്ന കോഫി, ജ്യൂസ്, ഐസ്ക്രീം എന്നിവ നിർമ്മിക്കുന്ന ഉപകരണങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും കേട്പാടുകൾ സംഭവിച്ചു. റസ്റ്റോറന്റും കഫേറ മാറ്റികോ എന്ന സ്ഥാപനവും  കത്തിനശിച്ചു. തീ ആളിപ്പടർന്നതോടെ മൂന്നാമതായി മാജിക് ടികോക്ക് ഷോപ്പിനും നാലാമതായി "സോൾ ഓഫ് കശ്മീരി’ ഷോപ്പിനും തീ പിടിച്ചു. ഇവിടെ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കരകൗശല വസ്തുക്കളും കശ്മീരി വസ്ത്രങ്ങളും ഭാഗികമായി കത്തി. വർക്കല ഫയർഫോഴ്സ്‌ സ്‌റ്റേഷനിലെ മൂന്ന് യൂണിറ്റും ആറ്റിങ്ങൽ സ്‌റ്റേഷനിലെ രണ്ടും പരവൂരിൽ നിന്നുള്ള ഒരു യൂണിറ്റും ഫയർഫോഴ്‌സ്‌ അംഗങ്ങളുടെ  സഹായത്തോടെയാണ് തീ കെടുത്തിയത്. ബീച്ചിന് സമീപമുള്ള മറ്റൊരു റിസോട്ടിലെ സ്വിമ്മിങ്‌ പൂളിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് രണ്ട് മണിക്കൂർ പ്രയത്‌നിച്ചാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്. വർക്കല സ്റ്റേഷൻ ഓഫീസർ കെ വി സുനിൽകുമാർ, അസി. സ്റ്റേഷൻ ഓഫീസർമാരായ എ അനിൽകുമാർ, വിനോദ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വി ജോയി എംഎൽഎ, വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ എസ് അനിജോ, വർക്കല പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

പ്രധാന വാർത്തകൾ
 Top