31 March Tuesday

കെഎസ്ആർടിസി ബസ് കടയിലേക്ക്‌ ഇടിച്ചുകയറി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ചപ്പാത്തിലുണ്ടായ ബസ്‌ അപകടം

കോവളം
കുറുകെ ചാടിയ ബൈക്ക് യാത്രികരെ രക്ഷിക്കാൻ ശ്രമിക്കവെ നിയന്ത്രണംതെറ്റിയ കെഎസ്ആർടിസി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒമ്നികാറും ഗുഡ്സ് ഓട്ടോയും തകർത്തശേഷം പച്ചക്കറിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസ്ഡ്രൈവർക്കും കണ്ടക്ടർക്കും മൂന്നു യാത്രക്കാർക്കുംപരിക്കേറ്റു. ബസിന്റെ ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ കാർ റോഡിന് മറുവശത്തെ മുറുക്കാൻ കടയിൽ ഇടിച്ചു നിന്നു.
 
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വിഴിഞ്ഞം -പൂവാർറോഡിൽ ചപ്പാത്ത് ജങ്‌ഷനിലായിരുന്നു അപകടം. വിഴിഞ്ഞത്തുനിന്ന് യാത്രക്കാരുമായി പാറശാലയ്‌ക്ക് പോവുകയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വരയിൽ നിന്നുള്ള ഇറക്കത്തിൽ വച്ച് ബസിന്റെ മുന്നിലേക്ക് ബൈക്ക് ഓടിച്ചെത്തിയ മൂന്നുപേരെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
 
മരപ്പാലം സ്വദേശി സിനിലിന്റെ മാരുതി ഓംനി വാനിലിടിച്ച ബസ് ചപ്പാത്ത് സ്വദേശി വിനോദ് കുമാറിന്റെ പിക്കപ്പ് ഓട്ടോയുടെ പുറത്തുകൂടി കയറിയിറങ്ങിയശേഷം സമീപത്തെ പച്ചക്കറി കടയിലേക്ക് പാഞ്ഞുകയറിയാണ് ഇടിച്ചുനിന്നത്. സംഭവസമയം കടയിൽ തിരക്ക് കുറവായിരുന്നതും ബസ് പാഞ്ഞുവരുന്നത് കണ്ട് മറ്റുള്ളവർ ഓടി മാറിയതും കാരണം വൻ അത്യാഹിതം ഒഴിവായി. അപകടത്തിൽ  ചപ്പാത്ത് സ്വദേശി ശിവാനന്ദന്റെ ഭാര്യ ഷൈലജ നടത്തുന്ന മുറുക്കാൻ കടയ്ക്കും നശമുണ്ടായി. ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റ ബസ്‌ ഡ്രൈവർ വിനോദ്കുമാർ, കണ്ടക്ടർ, മൂന്ന് യാത്രക്കാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top