29 February Saturday

ചിരട്ടയിലും കാര്യമുണ്ട്‌; കവിനാട്‌ ഗ്യാലറിയിൽ കാണാം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

ആനന്ദപെരുമാൾ ‘കവിനാട് ഗ്യാലറി’യിൽ

തിരുവനന്തപുരം 

ബാങ്കിലെ ജോലി ഉപേക്ഷിച്ച് ചിരട്ടയിൽ പരീക്ഷണങ്ങൾ നടത്താനിറങ്ങിയപ്പോൾ തിരുനെൽവേലി സ്വദേശി ആനന്ദപെരുമാളിനെ വീട്ടുകാർ ഏറെ വിലക്കി. കോർപറേറ്റ് ജോലിയിൽ മനം മടുത്ത ബിബിഎ ബിരുദധാരി ഇപ്പോൾ നേടുന്ന മികച്ച വരുമാനവും മന:സന്തുഷ്ടിയും ചൂണ്ടിക്കാട്ടി മറുപടി നൽകി. ചിരട്ടയിലൊരുക്കുന്ന കൗതുകകരമായ  കരകൗശല വസ്തുക്കൾ വാങ്ങുന്നത് പ്രധാനമായും വിദേശികളും ഉത്തരേന്ത്യക്കാരുമാണ്‌. ഹരിതകേരളം മിഷൻ കനകക്കുന്ന്‌ സൂര്യകാന്തിയിൽ സംഘടിപ്പിച്ച ബദൽ ഉൽപ്പന്ന പ്രദർശന വിപണനമേളയിലും ആനന്ദപെരുമാളിന്റെ  ‘കവിനാട് ഗ്യാലറി’ സ്‌റ്റോറിന്‌ ആരാധകരേറെയാണ്‌. ഭൂമിക്ക് പുറത്ത്കാണുന്ന സ്വർണമാണ് ചിരട്ട എന്നാണ് ആനന്ദ പെരുമാളിന്റെ ഭാഷ്യം. ഒരു ശിൽപ്പം ചിരട്ടയിൽ തീർക്കാൻ ഒരാഴ്ചയിലേറെ സമയമെടുക്കും. ശിൽപ്പങ്ങളും കരകൗശല വസ്തുക്കളും മാത്രമല്ല ചിരട്ടത്തവിപോലെ സാധാരണ ഉൽപ്പന്നങ്ങളും സ്റ്റാളിലുണ്ട്. "ചിരട്ടത്തവിക്ക് 50 രൂപയോ എന്ന് അത്ഭുതപ്പെടുന്നവർക്ക്‌ അതിന്റെ നിർമാണ രീതി പഠിപ്പിച്ചു കൊടുക്കാറുണ്ട്. എന്തുകൊണ്ടാണ് ഇത്ര വില ഈടാക്കുന്നതെന്ന് അതോടെ അവർക്ക് മനസ്സിലാവും–- പെരുമാൾ പറയുന്നു. ഇതുവരെ 500 പേർക്ക് പരിശീലനം നൽകി. കുറച്ചുപേർ ഈ മേഖലയിൽ ചുവടുറപ്പിച്ചു. പ്രദർശന മേളകൾ പുതിയ ആശയങ്ങൾ ലഭിക്കാൻ ഉപകാരപ്രദമാണ്. തുടർ പരിചയ ക്ലാസുകളും പരിശീലനങ്ങളും നൽകിയാൽ മാത്രമേ ഈ മേഖല കൂടുതൽ വിപുലമാകൂ –- പെരുമാൾ കൂട്ടിച്ചേർക്കുന്നു.

പ്രധാന വാർത്തകൾ
 Top