26 February Wednesday

‘ഒഡിഷ’യ്‌ക്ക്‌ മലയാളം സിമ്പിളാണ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

"ചങ്ങാതി’ രണ്ടാംഘട്ട പരീക്ഷ എഴുതുന്ന ഒഡിഷ സ്വദേശികൾ

തിരുവനന്തപുരം
‘ഇഷ്ടമുള്ള ഒരു മലയാളം പാട്ട്‌ പാടിക്കേ... എന്ന്‌ പറഞ്ഞപ്പോൾ ഒഡിഷക്കാരായ ദീപ്‌തിക്കും സംഗീതയ്‌ക്കും ചെറിയൊരു ആശയക്കുഴപ്പം. ഏത്‌ പാടണം. പിന്നെ മാസ്‌റ്റർ പീസായ ‘നിന്നെക്കാണാൻ’ എന്ന പാട്ട്‌ ആലപിച്ചു. പാടിത്തീർന്നപ്പോൾ മനസ്സിൽ ഇരുവരും ഉറപ്പിച്ചു ഈ ചോദ്യത്തിന്‌ മുഴുവൻ മാർക്കും സ്വന്തം. ‘മുദാദ്‌ രേവതിയെപ്പോലെ നൂറിൽ നേടുമോ എന്ന്‌ ചോദിച്ചപ്പോൾ മറുപടി ചിരിയിലൊതുക്കി. ശ്രുതിമധുരമായ പാട്ട് പോലെയാണ്‌ ചങ്ങാതി പദ്ധതിയിലെ പഠിതാക്കളായ ഒഡിഷ സ്വദേശിനികൾക്ക്‌ മലയാളം. അതിനു തെളിവായി ഞായറാഴ്‌ച നടന്ന ‘ചങ്ങാതി’ രണ്ടാംഘട്ട പരീക്ഷ. കഴക്കൂട്ടം കിൻഫ്രയിൽ 28 ഒഡിഷ സ്വദേശിനികളാണ്‌ പരീക്ഷ എഴുതിയത്‌. സംസ്ഥാന കലോത്സവത്തിന്‌ പരിശീലനം നടത്താൻ സമയം മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു. ആ സമയംകൂടി പഠിക്കാൻ കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി എഴുതാൻ കഴിഞ്ഞേനെയെന്ന്‌ ചിലർ. എന്നാൽ, കലോത്സവത്തിന്‌ സമ്മാനം കിട്ടിയ കാര്യം കൂട്ടുകാരിൽ ചിലർ പറഞ്ഞപ്പോൾ ആ ചെറിയ നിരാശയും ഉടൻ മാറി. കഴിഞ്ഞവർഷം 103 പേരാണ്‌ ഇവിടെ പരീക്ഷ എഴുതിയത്‌. ഇതിൽ മുദാദ്‌ രേവതിയെന്ന പഠിതാവ്‌ മുഴുവൻ മാർക്കും നേടിയിരുന്നു. തയ്യൽ തൊഴിലാളികളാണ്‌ ഇവർ. പഠനത്തിൽ മാത്രമല്ല കലാരംഗത്തും മികവ്‌ തെളിയിച്ചിട്ടുണ്ട്‌. സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ തിരുവാതിര ഉൾപ്പെടെയുള്ള മത്സരത്തിൽ സമ്മാനം നേടിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കിയതാണ്‌ ‘ചങ്ങാതി’. ഇത്തവണ സംസ്ഥാനത്താകെ 2959 പേരാണ്‌ പരീക്ഷ എഴുതിയത്‌.
പ്രധാന വാർത്തകൾ
 Top