18 February Monday

പേ വാർഡ് വാടകപ്പിരിവിൽ ക്രമക്കേടെന്ന വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

തിരുവനന്തപുരം

മെഡിക്കൽ കോളേജ്, എസ്എടി ആശുപത്രികളിലെ പേവാർഡ് വാടകപ്പിരിവിൽ ക്രമക്കേട് നടക്കുന്നുവെന്ന മലയാള മനോരമ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലും എസ്എടി ആശുപത്രി ഓഫീസിലുമാണ് കാത്ത്‌ലാബ് പേ വാർഡ് ഒഴികെയുള്ള പേ വാർഡുകളുടെ വാടക പിരിച്ച് ബാങ്കിൽ അടയ്ക്കുന്ന പതിവുള്ളത്. കെഎച്ച്ആർഡബ്ല്യൂഎസ് കാത്ത് ലാബ് പേ വാർഡുകളുടെ അലോട്ട്മെന്റും വാടക പിരിവുമെല്ലാം അവർ നേരിട്ടാണ് നിർവഹിക്കുന്നത്. അതിന്റെ തുക പിരിക്കുന്നതിന്റെയും ബാങ്കിൽ അടയ്ക്കുന്നതിന്റെയുമെല്ലാം ഉത്തരവാദിത്തം കെഎച്ച്ആർഡബ്ല്യൂഎസ് ഓഫീസ് സൂപ്രണ്ടിനും ക്ലർക്കുമാർക്കുമാണ്. മറിച്ച‌് വാർത്തയിൽ സൂചിപ്പിക്കുന്നതു പോലെ മെഡിക്കൽ കോളേജ്, എസ്എടി ആശുപത്രി ഓഫീസ് ക്ലർക്കുമാർക്കോ സെക്രട്ടറിമാർക്കോ അല്ല.  പേ വാർഡുകളിലെ വാടകപ്പിരിവ് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം കഴിഞ്ഞ ആറുമാസത്തിനിടയിൽ ഒരു പരിശോധനയും നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ല. വാർത്തയിൽ പരാമർശിക്കുന്ന ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ടിന്റെ കാര്യം വാസ്തവവിരുദ്ധമാണ്. യഥാർഥത്തിൽ പരിശോധന നടന്നത് കെഎച്ച്ആർഡബ്ല്യൂഎസ്  കാത്ത് ലാബ് പേ വാർഡ് ഓഫീസിലാണ്. കെഎച്ച്ആർഡബ്ല്യൂഎസ് കാത്ത് ലാബ് വാർഡിലെ വാടക സംബന്ധമായ വിഷയമാണ് മെഡിക്കൽ കോളേജ്, എസ്എടി ആശുപത്രി പേവാർഡ് കാര്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്:–- അധികൃതർ അറിയിച്ചു.

പ്രധാന വാർത്തകൾ
 Top