13 December Friday
എംഎൽഎയ്‌ക്ക്‌ സ്‌നേഹമായി പുസ്‌തകച്ചാകര

‘മഞ്ഞ്‌ മുതൽ കയർ വരെ’

സ്വന്തം ലേഖകൻUpdated: Tuesday Nov 19, 2019

സ്വീകരണ കേന്ദ്രങ്ങളിൽനിന്നും ലഭിച്ച പുസ്തകങ്ങൾ തരംതിരിച്ച് പരിശോധിക്കുന്ന വി കെ പ്രശാന്ത് എംഎൽഎ

 
തിരുവനന്തപുരം
എം ടി വാസുദേവൻ നായരുടെ മഞ്ഞ്‌ മുതൽ തകഴിയുടെ കയർ വരെ,  ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തൊട്ട് ലോക ക്ലാസിക്കുകളായ മാർക്വേസിന്റെ ഏകാന്തതയുടെ നൂറ്‌ വർഷങ്ങൾ ഉൾപ്പെടെ കിട്ടിയത്‌ 3500 പുസ്‌തകങ്ങൾ.
ഒരു പുസ്‌തകം ചോദിച്ചപ്പോൾ വട്ടിയൂർക്കാവുകാർ തങ്ങളുടെ പ്രിയ എംഎൽഎ വി കെ പ്രശാന്തിന്‌ സമ്മാനിച്ചത്‌ പുസ്‌തകങ്ങളുടെ വസന്തം. സ്വീകരണ പര്യടനം തുടങ്ങുകയാണെന്നും കഴിവതും പുസ്‌തകങ്ങൾ നൽകണമെന്നുമായിരുന്നു എംഎൽഎ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളോട്‌ അഭ്യർഥിച്ചത്‌.  നിമിഷങ്ങൾക്കകം നാട്‌ പ്രശാന്തിന്റെ അഭ്യർഥന ഏറ്റെടുത്തു. എല്ലായിടത്തും  ജനം പുസ്‌തകങ്ങളുമായി കാത്തുനിന്നു.
 
മൂന്നുദിവസത്തെ പര്യടനത്തിനിടെ 3500ഓളം പുസ്‌തകങ്ങൾ. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ,  ജയമോഹന്റെ നൂറ്‌ സിംഹാസനങ്ങൾ, പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ്‌. ഇന്ത്യൻ ഭരണഘടനയും ജാതിയുടെ ഉന്മൂലനവും ഗീതയും ഖുർആനും ബൈബിളും എല്ലാമുണ്ട്‌. ഈ പുസ്‌തകങ്ങൾ എന്ത്‌ ചെയ്യുമെന്ന ചോദ്യത്തിന്‌ എംഎൽഎയ്‌ക്ക്‌ വ്യക്തമായ മറുപടിയുണ്ട്‌. ‘‘രണ്ട്‌ ദിവസത്തനികം പുസ്‌തകങ്ങൾ സാഹിത്യം, ശാസ്‌ത്രം, നോവൽ, കവിത എന്നിങ്ങനെ വേർതിരിക്കും. 
മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകൾക്ക്‌ വിതരണം ചെയ്യും. സ്കൂൾ ഗ്രന്ഥശാലകളുടെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം’’ അദ്ദേഹം പറഞ്ഞു. കൂടാതെ സ്വീകരണത്തിനിടെ ലഭിച്ച തോർത്തുകൾ, മറ്റ്‌ സാമഗ്രികൾ എന്നിവ ഇ കെ നായനാർ ട്രസ്റ്റിന്‌ കീഴിലുള്ള ക്യാൻസർ രോഗികൾക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top