05 December Thursday

മത്സ്യത്തൊഴിലാളി സെക്രട്ടറിയറ്റ് മാർച്ച് നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019
ആലപ്പുഴ
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു ) നേതൃത്വത്തിൽ ബുധനാഴ്‌ച മത്സ്യത്തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ്മ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷനാകും. 
 
വീടില്ലാത്ത മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീട് അനുവദിക്കുക, ക്ഷേമനിധിയിൽ പണം അടച്ച 60 വയസുകഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് അംശാദായം തിരിച്ചു നൽകുക, പ്രതിവർഷം 1350 രൂപ ലഭിക്കുന്ന തണൽ പദ്ധതി നടപ്പിലാക്കുക,  പഴകിയ വീടുകളുടെ പുനരുദ്ധാരണത്തിനും, കക്കൂസ് നിർമിക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പിലാക്കുക, കടലാക്രമണ പ്രതിരോധ പ്രവർത്തനം ഉടൻ ആരംഭിക്കുക, ഹാർബറുകളുടെ നിർമാണം പൂർത്തിയാക്കുക, ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. 
 
 മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ലൈഫ് പദ്ധതി പ്രകാരം  വീടുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര തീരദേശ നിയന്ത്രണ പരിപാലന നിയമത്തിന്റെ ഫലമായി നിർമാണം നടത്താൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമാണത്തിന് മാത്രം പ്രത്യേക ഇളവ് പ്രഖ്യാപിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കണം. 
 
കേന്ദ്ര സർക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ മൂന്നിലൊന്ന് തുക കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. എന്നാൽ  രണ്ട് വർഷക്കാലമായി ഈ തുക കൃത്യമായി നൽകുന്നില്ല.  കടൽ ഭിത്തി, പുലിമുട്ട് നിർമാണങ്ങൾക്ക് കേന്ദ്ര വിഹിതമായി 80 ശതമാനം തുക വരെ ലഭിക്കുമായിരു ന്നുവെങ്കിൽ മൂന്ന്‌ വർഷമായി ഒരു രൂപ പോലും അനുവദിക്കുന്നില്ല. 
ഹാർബർ നിർമാണത്തിന് കേന്ദ്ര പദ്ധതി വിഹിതം ലഭിച്ചിട്ട് വർഷങ്ങളായി. മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്‌ കേന്ദ്ര സമുദ്രബന്ധന നിയന്ത്രണ ബിൽ . അതേസമയം വിദേശ കമ്പനികളുടെ യാനങ്ങൾക്ക് യഥേഷ്‌ടം മത്സ്യബന്ധനത്തിന് അവസരം ലഭിക്കുന്നു.
 
 കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി സി ഷാംജി,  പ്രസിഡന്റ് പി ഐ ഹാരിസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top