20 November Wednesday

കോൺഗ്രസ്‌ വർഗീയ കാർഡിറക്കുന്നു: കോടിയേരി

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019

പൊട്ടക്കുഴി ജങ്‌ഷനിൽ നടന്ന എൽഡിഎഫ്‌ മേഖലാ റാലി ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിെഎ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വേദിയിലേക്ക്‌

തിരുവനന്തപുരം  
രാഷ്ട്രീയം പറയാനില്ലാത്ത കോൺഗ്രസ്‌ വർഗീയ കാർഡിറക്കി സമൂഹത്തെ  ഭിന്നിപ്പിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.  ജാതീയ പ്രചാരവേലയ്‌ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ മുന്നറിയിപ്പ്‌ നൽകേണ്ടിവന്നു. രാഷ്ട്രീയലക്ഷ്യത്തോടെ ചില സമുദായ സംഘടനകൾ നിലപാട്‌ സ്വീകരിക്കുന്നത്‌ പുനഃപരിശോധിക്കണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിലെ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ്‌  പ്രചാരണാർഥം സംഘടിപ്പിച്ച മേഖലാറാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
എല്ലാ സമുദായത്തിലുമുള്ള സാധാരണക്കാർക്കൊപ്പമാണ്‌ ഇടതുപക്ഷം. മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്കും സംവരണം ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചത്‌ പിണറായി  സർക്കാരാണ്‌. സമുദായ സംഘടനകളിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്‌. അവർ അവരുടെ വിശ്വാസത്തിനനുസരിച്ച്‌ വോട്ടുചെയ്യും. കുംഭകോണങ്ങളുടെ കുംഭമേളകൾ നടന്ന യുഡിഎഫ്‌ ഭരണത്തിൽനിന്ന് കേരളത്തെ അഴിമതിരഹിത വികസനത്തിലേക്ക്‌ നയിച്ചത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. ആ സർക്കാരിനൊപ്പം നിൽക്കുന്നയാളെ എംഎൽഎയായി തെരഞ്ഞെടുക്കാനാണ്‌ ജനം ആഗ്രഹിക്കുന്നത്‌. 
പാർലമെന്റിൽ പിന്താങ്ങി പ്രതിപക്ഷമായി മാറിയ കോൺഗ്രസിന്‌ ബിജെപിയുടെ നയങ്ങളെ ചെറുക്കാനാകുന്നില്ല. 52 എംപിമാർക്ക്‌ 52 അഭിപ്രായമാണ്‌. പ്രധാനമന്ത്രിയാകാൻ ഇറങ്ങിപ്പുറപ്പെട്ട രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവുപോലുമായില്ല. ഈ സാഹചര്യത്തിലാണ്‌ ഇടതുപക്ഷത്തിന്റെ പ്രസക്തി വർധിക്കുന്നത്‌. വി എസ്‌ അച്യുതാനന്ദന്റെ പ്രായത്തെ ആക്ഷേപിച്ച കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരൻ സ്വന്തം പ്രായംകൂടി ഓർക്കുന്നത്‌ നല്ലതാണെന്ന്‌ കോടിയേരി പറഞ്ഞു. ജീവിച്ചിരിക്കുന്ന ഏറ്റവും സമുന്നതനേതാവാണ്‌ വി എസ്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത നേതാവിനെയാണ്‌ ആക്ഷേപിക്കുന്നത്‌. പ്രായംചെന്നവരെ ബഹുമാനിക്കുന്ന പുതുതലമുറ വേണമെന്ന സംസ്‌കാരമാണ്‌ എൽഡിഎഫിനുള്ളതെന്നും കോടിയേരി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top