13 November Wednesday

ബൈക്കിലെ "അഭ്യാസം' കൈവിട്ടു; നാല്‌ വിദ്യാർഥികളടക്കം ഏഴുപേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
കോവളം  
സ്‌കൂൾവിട്ട സമയം വിദ്യാർഥികൾക്കുമുന്നിൽ ബൈക്കിലെത്തി അഭ്യാസപ്രകടനം നടത്തുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക്‌ കുട്ടികൾക്കിടയിലേക്ക്‌ പാഞ്ഞുകയറി ഏഴുപേർക്ക്‌ പരിക്ക്‌. നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലാണ് അപകടം. ബൈക്കിൽ അഭ്യാസം കാണിച്ച മൂന്നുപേർക്കും വിദ്യാർഥികളായ നാലുപേർക്കുമാണ്‌ പരിക്കേറ്റത്‌. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്‌. പ്ലസ് വൺ വിദ്യാർഥികളായ രുക്മ, ധന്യ, രാഖി, രോജിത് എന്നിവർക്കാണ് പരിക്കേറ്റത്. രോഹിത്തിന് കാലിന് ഗുരുതര പരിക്കാണ്‌. രുക്മയ്‌ക്ക് മുഖത്തിന് സാരമായ പരിക്കേറ്റു. വിദ്യാർഥികളെയും ബൈക്ക് യാത്രികരെയും നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ മൂന്നു പേരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കാഞ്ഞിരംകുളം പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
രണ്ടു സ്‌കൂളുകളുള്ള നെല്ലിമൂട് പ്രദേശത്ത് സ്‌കൂൾ വിടുന്ന സമയത്തും രാവിലെയും പൊലീസിന്റെ സഹായം വേണമെന്ന് നാട്ടുകാർ സ്ഥിരമായി ആവശ്യപ്പെടുന്നുണ്ട്‌. പൂവാലശല്യം വർധിക്കുന്നതായി രക്‌ഷാകർത്താക്കൾ നിരവധി തവണ പരാതിപ്പെട്ടിരുന്നു. നമ്പർ പ്ലേറ്റ് പോലുമില്ലാതെയാണ് പൂവാലന്മാർ ഇവിടെ ബൈക്കിലെത്തി അഭ്യാസപ്രകടനം നടത്തുന്നത്.
പ്രധാന വാർത്തകൾ
 Top