11 October Friday

ഇരട്ട ബിരുദം, ഉന്നത കുടുംബം; ഹരം മോഷണവും പിടിച്ചുപറിയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
നെടുമങ്ങാട് 
മാലമോഷണക്കേസിൽ കുടുങ്ങിയ പ്രതിയുടെ വിദ്യാഭ്യാസ യോഗ്യതയും കുടുംബ പശ്ചാത്തലവുമറിഞ്ഞ പൊലീസും നാട്ടുകാരും ഒരുപോലെ ഞെട്ടി. തമിഴ്നാട് മധുര രാമനാഥപുരം പരമകോടി വൈലത്തൂർ മുത്തുരാമപുരം കോളനി 1/149ൽ നന്ദശീലര്‍ (25) ആണ്‌ ഈ വൈറൽ പ്രതി. രണ്ട്‌ വിഷയങ്ങളിൽ  ബിഎസ്‌സി ബിരുദധാരിയാണ്‌ പ്രതി. മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരും സഹോദരി ഡോക്ടറും സഹോദരന്‍ എൻജിനിയറുമാണ്‌. 
കഴിഞ്ഞ പത്തിന് നെടുമങ്ങാട് കൊല്ലങ്കാവില്‍ യുവതിയുടെ മാലപിടിച്ചു പറിക്കാന്‍ ശ്രമിക്കുകയും പിന്തുടര്‍ന്നയാളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍  ശ്രമിക്കുകയും ചെയ്ത ഇയാൾ കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. 
തിരുനെൽവേലിയില്‍നിന്ന്‌ തെങ്കാശി വഴി ബൈക്കിൽ പാലോടെത്തിയ പ്രതി എടിഎമ്മിൽനിന്ന്‌ പണം എടുത്തശേഷം നെടുമങ്ങാട്ടെത്തി. ആനാട് പനയഞ്ചേരിക്കു സമീപത്തുവച്ച് കൊല്ലങ്കാവ് സ്വദേശിനി സുനിതയുടെ സ്വർണമാല കവരാന്‍ ശ്രമിച്ച്‌ ബൈക്കില്‍ രക്ഷപ്പെട്ട നന്ദശീലറെ അതുവഴിവന്ന കോട്ടയം സ്വദേശി ബെന്നറ്റ് ബുള്ളറ്റ്‌ ബൈക്കില്‍ പിന്തുടര്‍ന്ന്‌ കല്ലമ്പാറയിൽവച്ച്‌ പിടികൂടി. എന്നാൽ ബെന്നറ്റിന്റെ മുഖത്ത് മുളകു പൊടി വിതറിയശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിക്കവേ നാട്ടുകാരെത്തിയതിനാൽ ബൈക്കുപേക്ഷിച്ച് കിള്ളിയാറ്റിൽ ചാടി രക്ഷപ്പെട്ടു. പ്രതിയുടെ ഫോണും എടിഎമ്മിലെ സ്ലിപ്പും സ്ഥലത്തുനിന്ന്‌ പൊലീസ് കണ്ടെടുത്തിരുന്നു. 
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്‌പി കെ എസ് അരുണിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ടി കെ മിഥുൻ, എസ്ഐ ജെ സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ്‌ കേസ് അന്വേഷിച്ചത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top