തിരുവനന്തപുരം
എതിരാളികളില്ലാത്ത കുതിപ്പ്, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 67–-ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ തിരുവനന്തപുരം ജി വി രാജ സ്കൂൾ കിരീടം ചൂടി. 570 പോയിന്റോടുകൂടിയാണ് ജി വി രാജ ഇത്തവണയും ഓവറോൾ ചാമ്പ്യന്മാരായത്. 223 പോയിന്റുമായി കേരള യൂണിവേഴ്സിറ്റി അത്‍ലറ്റിക്സ് അക്കാദമി രണ്ടാം സ്ഥാനവും 207 പോയിന്റുമായി വെള്ളായണി എസ്എഎംജിഎംആർഎസ്എസ് മൂന്നാം സ്ഥാനവും നേടി.
പ്രതാപം നഷ്ടപ്പെട്ട സ്പോർട്സ് സ്കൂളുകളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിന്റെ കൂടി ഫലമാണ് ജി വി രാജയുടെ മിന്നും വിജയം.
യുവതലമുറയിൽ ആവേശം പകർന്ന കായികമേളയിൽ അണ്ടർ 14, 16, 18, 20 എന്നീ വിഭാഗത്തിലും സീനിയർ വിഭാഗത്തിലുമായി ജില്ലയിലെ 68 ക്ലബ്ബുകളിൽനിന്നായി 2200 കായികതാരങ്ങളാണ് പങ്കെടുത്തത്.
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന സമാപനയോഗത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് തോമസ് അധ്യക്ഷനായി.
ധ്യാൻ ചന്ദ് പുരസ്കാര ജേതാവ് കെ സി ലേഖ, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ് എസ് സുധീർ, കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കെ ഐ റസിയ, ജില്ല അത്‍ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ രാമചന്ദ്രൻ, ജി രാമചന്ദ്രൻ, എം ക്ലീറ്റസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..