21 October Monday
കൊല്ലം സ്വദേശി പിടിയിൽ

വർക്കലയിൽ വൻ മയക്കുമരുന്നു വേട്ട

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
വർക്കല
പാപനാശം ബീച്ചിലും നോർത്ത് സൗത്ത് ക്ലിഫുകളിലും എത്തുന്ന സഞ്ചാരികൾക്കായി കൊണ്ടുവന്ന വിവിധതരം മയക്കുമരുന്നുകളുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. മയക്കുമരുന്നു കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള കൊല്ലം താമരക്കുളം വെളിച്ചംനഗർ പള്ളിത്തോട്ടം സ്വദേശി ഷെഹിനാദാ (30)ണ് പിടിയിലായത്.
ഒരു മാസം മുമ്പ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഐടി കമ്പനി ജീവനക്കാരൻ വർക്കല ബീച്ചിൽ രാത്രി  അക്രമസ്വഭാവം കാണിച്ചിരുന്നു. തുടർന്ന് വർക്കല പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ച്‌ ചോദ്യംചെയ്തതിലാണ് കൊല്ലം സ്വദേശിയായ മയക്കുമരുന്ന് വിതരണക്കാരനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ഐടി ജീവനക്കാരന്റെ മാതാപിതാക്കൾ മയക്കുമരുന്ന് സംഘത്തിനെതിരെ റൂറൽ ജില്ലാ പൊലീസ് മേധാവി പി കെ മധുവിനു പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനും പ്രതിയെ അറസ്റ്റുചെയ്യാനും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. തുടർന്ന്‌ വർക്കല ബീച്ചിൽ എംഡിഎംഎ, നൈട്രോസെപാം, എൽഎസ് ഡി, ഹാഷിഷ് ഓയിൽ എന്നിവ ബംഗളൂരുവിൽനിന്നും  മറ്റും എത്തിച്ച്‌ കച്ചവടം ചെയ്യുന്ന വർക്കല നടയറ സ്വദേശിയെക്കുറിച്ച്  വിവരം ലഭിച്ചത്. ഇയാളിൽനിന്നു മയക്കുമരുന്ന് വാങ്ങിവിൽക്കുന്ന കൊല്ലം പള്ളിത്തോട്ടം സ്വദേശിയായ ഷെഹിനാദാണ് പിടിയിലായത്. ഇയാളെ വർക്കല പൊലീസ് ആവശ്യക്കാർ എന്നരീതിയിൽ സമീപിച്ച്‌ പിടികൂടുകയായിരുന്നു. 60 സ്ട്രിപ് നൈട്രോസെപാം ഗുളികകൾ, 15 ഗ്രാം എംഡിഎംഎ, 150 മില്ലി ഹാഷിഷ് ഓയിൽ എന്നിവ ഇയാളിൽനിന്ന്‌ പിടിച്ചെടുത്തു.
ആറ്റിങ്ങൽ ഡിവൈഎസ്‌പി കെ എ വിദ്യാധരൻ, വർക്കല ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ് ഐ ജി എസ് ശ്യാംജി, എസ്‌‌സിപിഒ മുരളീധരൻ, സിപിഒമാരായ നാഷ്, ഷെമീർ, കിരൺ, ഡിസിൻ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചു വർഷമായി വർക്കല കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രതിയിൽനിന്നു തൂക്കിവിൽപ്പനയ്ക്കായുള്ള ഇലക്ട്രോണിക് ത്രാസ്, സിറിഞ്ചുകൾ, കഞ്ചാവ് ചെടിയുടെ ലോഗോ പതിച്ച ചില ഉപകരണങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. 
 
പ്രധാന വാർത്തകൾ
 Top