08 August Saturday

മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
പേരൂര്‍ക്കട
ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ മരത്തിനു മുകളില്‍ക്കയറി ആത്മഹത്യ  ഭീഷണി മുഴക്കിയ റിമാന്‍ഡ് പ്രതിയെ ഫയര്‍ഫോഴ്‌സ് സംഘം എത്തി താഴെയിറക്കി. ഞായറാഴ്ച രാവിലെ പത്തരയോടെയാണ്‌ സംഭവം. ഫോറൻസിക് സെല്ലിൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ഫൈസല്‍ (29) ആണ് മരത്തിനു മുകളില്‍ക്കയറി മണിക്കൂറുകളോളം അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്. 
മാനസികാരോഗ്യകേന്ദ്രത്തിലെ ഒരു വനിതാ ഡോക്ടറെ കാണണം എന്നതായിരുന്നു ഇയാളുടെ ആദ്യത്തെ ആവശ്യം. ഡോക്ടറുടെ പേരുസഹിതം എടുത്തു പറഞ്ഞ ഇയാൾ ഇവരെത്താതെ താഴെയിറങ്ങില്ല എന്ന വാശിയിലായിരുന്നു. ഗത്യന്തരമില്ലാതെ ഡോക്ടറെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു വിളിപ്പിച്ചു. ഡോക്ടര്‍ മരത്തിനു സമീപമെത്തിയിട്ടും ഫൈസല്‍ താഴെയിറങ്ങിയില്ല. 
തനിക്കു ജില്ലാ ജഡ്ജിയെ കാണണമെന്നായിരുന്നു ഫൈസലിന്റെ അടുത്ത ആവശ്യം. ഇതോടെ രാജാജിനഗർ ഫയർ സ്റ്റേഷൻ ഓഫീസർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യക്കാരന്‍ നേരിട്ടുവന്ന് എഴുതിനല്‍കിയാല്‍ മാത്രമേ ജഡ്ജിയെ കാണാൻ കഴിയൂ എന്നു പറഞ്ഞ്  ഇയാളെ അനുനയിപ്പിച്ച് താഴെയെത്തിച്ചു. 
സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റുചെയ്ത ഫൈസലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇവിടെ തടവില്‍ കഴിയുമ്പോഴാണ്‌ മാനസികാസ്വാസ്ഥ്യം കാണിച്ച ഫൈസലിനെ മൂന്നാഴ്ച മുമ്പ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 
ഞായറാഴ്ച സെല്ലില്‍നിന്ന് കുളിപ്പിക്കാനായി ഇറക്കുന്നതിനിടെയാണ് ഫൈസല്‍ ജീവനക്കാരെ കബളിപ്പിച്ച്‌ മരത്തില്‍ കയറിയത്. സുരക്ഷിതമായി താഴെയിറക്കിയ ഫൈസലിനെ തിരികെ സെല്ലില്‍ പ്രവേശിപ്പിച്ചതായി മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top