15 December Sunday

"ജനമൈത്രി' പഠിക്കാൻ ടാൻസാനിയൻ പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

മെഡിക്കൽ കോളേജ്‌ പൊലീസ്‌ സ്‌റ്റേഷൻ സന്ദർശിച്ച ടാൻസാനിയൻ സംഘം ഐജി എസ്‌ ശ്രീജിത്ത്‌, ഡിസിപി ആദിത്യ എന്നിവർക്കൊപ്പം

തിരുവനന്തപുരം

കേരളത്തിലെ ജനമൈത്രി പൊലീസിങ്ങിനെക്കുറിച്ച് പഠിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കാനും ടാൻസാനിയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി. മെഡിക്കൽ കോളേജ്പൊലീസ് സ്റ്റേഷൻ സന്ദർശിച്ച സംഘം ജനമൈത്രി സുരക്ഷാസമിതി മീറ്റിങ്, ബീറ്റ് മീറ്റിങ്,  ഭവന സന്ദർശനം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കി. ടാൻസാനിയയിലെ അസി. കമീഷണർ എംഗൽ ബർട്ട് ഇസ്ദോർകിയോണ്ടോ, പൊലീസ് സൂപ്രണ്ട് ഹംസ ഭലീഫ് ഛീബി എന്നിവരുടെ നേതൃത്വത്തിൽ രണ്ട് വനിതകളടക്കം എഴു പേർ സംഘത്തിലുണ്ടായിരുന്നു.
 
ഐജി എസ‌് ശ്രീജിത്ത്, ഡിസിപി ആദിത്യ, നർക്കോട്ടിക്ക് സെൽ അസി. കമീഷണർ ഷീൻ തറയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐജി ശ്രീജിത്ത് ജനമൈത്രി പൊലീസിങ്ങിനെക്കുറിച്ച് വിവരണം നൽകി. സ്റ്റേഷൻ ഐഎസ‌്എച്ച‌്ഒ കെ എസ് അരുൺകുമാർ, എ‌സ‌്ഐ  ശ്രീകാന്ത് എന്നിവർ ജനമൈത്രി പ്രവർത്തനങ്ങൾ വിവരിച്ചു.   ജനമൈത്രി സിആർഒ ആൻഡ‌് പിആർഒ എസ് ഐ ബാബു,  കോ–-ഓർഡിനേറ്റർമാരായ പി രഘുനാഥൻ നായർ, ജി സതീഷ് ചന്ദ്രൻ, പി കെ ലംബോദരൻ നായർ  എന്നിവർ ജനമൈത്രി പൊലീസിങ്ങിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ഗുണങ്ങളെപ്പറ്റി വിവരിച്ചു. സംഘം തേക്കുംമൂട് ബണ്ട് കോളനിയും 24 നിരീക്ഷണ ക്യാമറ  സ്ഥാപിച്ച ചാലക്കുഴി റസിഡന്റ‌്സും സന്ദർശിച്ചു. സിറ്റി പൊലീസ് കൺട്രോൾ റൂമിലുള്ള നിർഭയ സെന്ററിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട‌്   എസ‌്സിപിഒ സുൽഫത്തുമായി നടത്തിയ സെൽഫ് ഡിഫൻസ് പ്രോഗ്രാമും ഉണ്ടായിരുന്നു. ബീറ്റ് ഓഫീസർമാരായ വിനീത്കുമാർ, നിഷാദ്,  റസിഡന്റ‌്സ് ഭാരവാഹികൾ എന്നിവരുമായും ആശയവിനിമയം നടത്തിയശേഷമാണ് സംഘം മടങ്ങിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top