23 January Thursday
താക്കോല്‍ കോടിയേരി കൈമാറി

അരുണിന് ചേക്കേറാം സ്വപ്നക്കൂടില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

സ്വപ്നക്കൂടിന്റെ താക്കോൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അരുണിന്‌ കൈമാറുന്നു

കിളിമാനൂർ
വാടകക്കാരെയും മഴയെയും ഭയക്കാതെ അരുണിന‌്‌ ഇനി സുഖമായി താമസിക്കാം.  കെ എം  ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആൻഡ‌്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അരുണിന‌് നിർമിച്ചുനൽകിയ സ്നേഹഭവനം ‘സ്വപ്നക്കൂട് ’ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ കൈമാറി. ശക്തമായ മഴയെയും കൂസാതെ നൂറുകണക്കിനാളുകളാണ‌്  വീട് കൈമാറൽ ചടങ്ങിന‌് സാക്ഷിയായത്.
 
ന​ഗരൂർ പാവൂർകോണം സ്വദേശി അരുൺ പ്ലസ്ടു പഠനത്തിന് ശേഷം പനിയെ തുടർന്ന്  ​ഗുരുതരാവസ്ഥയിൽ എത്തുകയായിരുന്നു. കൈയിലുള്ളതെല്ലാം വിറ്റുപെറുക്കിയും സുമനസ്സുകളുടെ സഹായംകൊണ്ടും മാതാപിതാക്കൾ അരുണിന് ചികിത്സ നടത്തിയെങ്കിലും വീൽ ചെയറിൽ ജീവിതം തുടരാനേ  സാധിച്ചുള്ളൂ.  സാമ്പത്തികപ്രതിസന്ധിയിലായ കുടുംബം തുടർന്ന് വാടകവീട്ടിൽ അഭയംതേടി. കഴി‍‍ഞ്ഞവർഷം സൊസൈറ്റി മടവൂരിൽ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ സം​ഗമത്തിനെത്തിയ അരുൺ ഒരു വീടുവച്ച് നൽകണമെന്ന ആ​ഗ്രഹം സൊസൈറ്റി ഭാരവാഹികൾ മുഖേന  ചടങ്ങിൽ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചിരുന്നു.
  
മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് പ്രവാസി വ്യവസായിയും അയോക്കി ഫാബ്രിക്കോൺ കമ്പനിയുടെ എംഡിയുമായ ​ഗണേശ്കുമാർ വീടിനായി 6 ലക്ഷംരൂപ സഹായം ചെയ്തു. തുടർന്ന് സൊസൈറ്റിയുടെ കാരുണ്യ ഭവനപദ്ധതിയിലുൾപ്പെടുത്തി അരുണിന് വീടൊരുക്കുകയായിരുന്നു. 
 
സൊസൈറ്റിയുടെയും സിപിഐ എം ന​ഗരൂർ ലോക്കൽ കമ്മിറ്റിയുടെയും സഹായത്തിന് പുറമെ സുമനസ്സുകളുടെ സഹായവും വീട് നിർമാണത്തിന‌്  ലഭിച്ചു. ആയിരം സ‌്ക്വയർഫീറ്റ് വിസ്തീർണമുള്ള വീടിന് 1412000 രൂപ ചെലവായി. ഇൻവർട്ടർ, വീൽ ചെയർ ഉരുട്ടാനുള്ള റാംപ്, വീൽചെയർ എത്തിക്കാൻ കഴിയുന്ന രണ്ട് ശുചിമുറികൾ, കുഴൽകിണർ തുടങ്ങി എല്ലാ ആധുനികസൗകര്യങ്ങളോടുംകൂടിയ വീടാണ് പണിതത്. വീടിന്റെ താക്കോൽദാനം ന​ഗരൂർ ക്രിസ്റ്റൽ അങ്കണത്തിൽ സംഘടിപ്പിച്ച പ്രതിഭാസം​ഗമയോ​ഗത്തിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൈമാറി. ചടങ്ങിനുമുമ്പ് അദ്ദേഹം വെള്ളംകൊള്ളി പാവൂർകോണത്ത് സ്ഥാപിച്ച വീട്ടിലെത്തി ​ഗൃഹപ്രവേശ ഉദ്ഘാടനവും നട
ത്തി. സൊസൈറ്റി പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ അധ്യക്ഷനായി. 
പ്രധാന വാർത്തകൾ
 Top