20 August Tuesday
ശക്തമായ മഴയ്ക്ക് സാധ്യത

ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
തിരുവനന്തപുരം
വെള്ളിയാഴ‌്ച  ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  അടിയന്തരസാഹചര്യമുണ്ടായാൽ നടപ്പാക്കേണ്ട എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി കലക്ടർ കെ  ഗോപാലകൃഷ്ണൻ അറിയിച്ചു.
 
കാലവർഷം ശക്തമാകാനുള്ള സാധ്യത മുൻനിർത്തി ജില്ലയിലെ എല്ലാ സർക്കാർ വകുപ്പുകളും 24 മണിക്കൂറും സജ്ജമായിരിക്കണമെന്ന് കലക്ടർ നിർദേശം നൽകി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും.  പഞ്ചായത്ത് വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഓരോ ക്യാമ്പിലും ചാർജ് ഓഫീസറായി നിയമിക്കും.
 
പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യം, ഫിഷറീസ്, പൊതുമരാമത്ത്, ജലസേചനം, ജലവിഭവം തുടങ്ങിയ വകുപ്പുകളും കെ എസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളും സജ്ജരായിരിക്കണമെന്ന‌് കലക്ടർ നിർദേശിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ജാഗ്രതാനിർദേശം നിലനിൽക്കുന്ന സമയത്ത് എല്ലാ വകുപ്പുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥർ ഉണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കും.
 
ക്രമീകരണങ്ങൾ വിലയിരുത്താൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അനു എസ് നായരുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥർ യോഗം ചേർന്നു. 
കേരളതീരത്ത് വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട‌്.
പ്രധാന വാർത്തകൾ
 Top