08 July Wednesday

കാറ്റിലും മഴയിലും വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

പൊഴിയൂർ വാളാങ്കുളം ജങ്‌ഷനിൽ കടപുഴകിയ മരം വൈദ്യുതി ലൈൻ തകർത്ത നിലയിൽ

നെയ്യാറ്റിൻകര
തിങ്കളാഴ്ച രാവിലെ മുതൽ തോരാതെ പെയ്ത മഴയിലും ഉച്ചയ്‌ക്ക് ശേഷമുണ്ടായ കനത്ത കാറ്റിലും നെയ്യാറ്റിൻകര ടൗണിൽ മാത്രം അഞ്ചിടങ്ങളിൽ മരം കടപുഴകി. ടിബി ജങ്ഷനിൽ ​ഗാന്ധിയൻ ​ഗോപിനാഥൻനായരുടെ വീടിന് മുന്നിൽ മരക്കൊമ്പൊടിഞ്ഞുവീണു. 
ദേശീയപാതയിലും ​ഗതാ​ഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി ഗതാ​ഗതം പുനഃസ്ഥാപിച്ചു.  ഊരൂട്ടുകാല, ചായ്ക്കോട്ടുകോണം, കൊടുങ്ങാവിള എന്നിവിടങ്ങളിലും മരം കടപുഴകി. മരംവീണ്‌ വൈദ്യുതി ലൈനുംപൊട്ടി. കാർഷിക വിളകൾക്കും വൻനാശനഷ്ടമുണ്ടായി. കണ്ണങ്കുഴി, തിരുപുറം, പെരുമ്പഴുതൂർ, അതിയന്നൂർ എന്നീ ഏലാകളിൽ വൻ നാശനഷ്ടമുണ്ടായി.
 
കോവളം
തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും വിഴിഞ്ഞം, വെങ്ങാനൂർ, തിരുവല്ലം, പാച്ചല്ലൂർ പ്രദേശങ്ങളിൽ വ്യാപക നാശം. ഷീറ്റുമേഞ്ഞ വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നു. പുഞ്ചക്കരി- മേനിലത്ത് ഓടിക്കൊണ്ടിരുന്ന മിനിചരക്കു‌ലോറിയുടെ മുകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരം കടപുഴകിയെങ്കിലും ഡ്രൈവറും ജീവനക്കാരും അത്‌‌ഭുതകരമായി രക്ഷപ്പെട്ടു. ടെലിഫോൺ വയറുകൾ, ടിവികേബിളുകൾ, വൈദ്യുതികമ്പികൾ എന്നിവ  വ്യാപകമായി തകരാറിലായി. മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. വാഴമുട്ടം ബൈപ്പാസിൽ റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പാച്ചല്ലൂർ തോപ്പടിയിലും വിഴിഞ്ഞം തെരുവിലും തിരുവല്ലം സർവീസ് റോഡിലും മരങ്ങൾ വീണു. പാച്ചല്ലൂർ ദേവിക്ഷേത്രത്തിന് സമീപം വലിയ മരം കടപുഴകി. പള്ളിച്ചൽ പുന്നമൂട് റോഡിലും വിഴിഞ്ഞം കല്ലുവെട്ടാൻകുഴി റോഡിലും മരങ്ങൾവീണു. വൈദ്യുതലൈനുകളിൽ പകുതിയോളം വൈകിട്ടും ബാക്കിയുള്ളവ രാത്രിയോടെയും പുനഃസ്ഥാപിച്ചു.
 
വൻമരം കടപുഴകി
പാറശാല 
ശക്തമായ കാറ്റിൽ വൻമരം കടപുഴകി വൈദ്യുതി ലൈൻ തകരാറിലായി. പൊഴിയൂർ വാളാങ്കുളം ജങ്‌ഷനിലാണ് ആഞ്ഞിൽ മരം റോഡിലേക്ക്‌ വീണത്‌. ആഞ്ഞിലി കടപുഴകി തെങ്ങിലേക്ക്‌ വീണ് രണ്ടു മരങ്ങളും വൈദ്യുതി ലൈനിന് പുറത്ത് പതിക്കുകയായിരുന്നു. മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
 
മഴയിൽ വീട്‌ തകർന്നു 
വെങ്ങാനൂർ 
വെങ്ങാനൂർ മുട്ടക്കാട് സീയോൺ കുന്നിൽ ജോയി –- തങ്കമണി ദമ്പതികളുടെ വീട്  മഴയിൽ തകർന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ്‌ പഞ്ചായത്തിന്റെ ധനസഹായത്താൽ നിർമിച്ചതാണ് വീട്.
പ്രധാന വാർത്തകൾ
 Top