24 July Wednesday

വിജയമുറപ്പിച്ച്‌ പെൺകരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
തിരുവനന്തപുരം 
വർഗീയവാദികൾക്കും അഴിമതിക്കാർക്കും തലസ്ഥാനത്തിന്റെ മണ്ണിൽ ഇനി സ്ഥാനമില്ലെന്ന‌് പ്രഖ്യാപിച്ച‌് കരമനയിൽ സ‌്ത്രീകളുടെ മഹാസംഗമം. 
 
എൽഡിഎഫ‌് സ്ഥാനാർഥി സി ദിവാകരന്റെ സുനിശ്ചിത വിജയം പ്രഖ്യാപിക്കാൻ നേമം നിയോജകമണ്ഡലത്തിലെ സ‌്ത്രീകളാണ‌് കരമനയിൽ ഒത്തുകൂടിയത‌്.
 
മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും സ‌്ത്രീകളും കുട്ടികളും കരമനയിലെ സംഗമവേദിയിലേക്ക‌് ഒഴുകുകയായിരുന്നു. സൂചികുത്താൻ ഇടമില്ലാതെ ആയിരങ്ങളാണ‌് രാജ്യത്തിന്റെ  ജനാധിപത്യവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാനുള്ള തെര‌ഞ്ഞെടുപ്പിൽ  സി ദിവാകരന്റെ വിജയത്തിനായി ഒപ്പമുണ്ടെന്ന‌് പ്രഖ്യാപിച്ചത‌്. സംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. 
 
പാവപ്പെട്ടവരെ കടക്കെണിയിലാക്കുകയും സമ്പന്നർക്ക‌് കൊള്ളയടിക്കാൻ അവസരം നൽകുകയും ചെയ‌്ത മോഡി ഭരണത്തെ ജനങ്ങൾ തൂത്തെറിയുമെന്ന‌് മന്ത്രി കടകംപള്ളി പറഞ്ഞു. 
തിരുവനന്തപുരത്തിന്റെ പൈതൃക സ്വത്തായ വിമാനത്താവളം ഉൾപ്പെടെ കുത്തകകൾക്ക‌് വിറ്റ മോഡി ഭരണത്തെയും വർഗീയവാദികളെയും ജനം പാഠംപഠിപ്പിക്കും. 
 
വർഷംതോറും രണ്ടു കോടി പേർക്ക‌് തൊഴിൽ നൽകുമെന്ന‌് പറഞ്ഞുപറ്റിച്ച ബിജെപി സർക്കാരിനെ കാത്തിരിക്കുന്നത‌് ദയനീയ പരാജയമാണ‌്. സി ദിവാകരനെ തിരുവനന്തപുരം ചരിത്ര ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക‌് അയക്കണമെന്നും കടകംപള്ളി അഭ്യർഥിച്ചു. 
 
കുപ്രചാരണങ്ങൾകൊണ്ട‌് ഇടതുപക്ഷ മുന്നേറ്റം അനന്തപുരിയിൽ തടയാനാകില്ലെന്നും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജനാധിപത്യം പുലരണമെന്ന‌് ആഗ്രഹിക്കുന്നവരുടെയും കരുത്തിൽ എൽഡിഎഫ‌് വിജയം സുനിശ്ചിതമാണെന്ന‌് തുടർന്ന‌് സംസാരിച്ച സ്ഥാനാർഥി സി ദിവാകരൻ പറഞ്ഞു. 
 
സംഗമത്തിൽ കൗൺസിലർ ഗീതാകുമാരി അധ്യക്ഷയായി. എൽഡിഎഫ‌് നേതാക്കളായ തിരുവല്ലം ശിവരാജൻ, പി രാമചന്ദ്രൻ നായർ, ജി ആർ അനിൽ, മായ പ്രദീപ‌് എന്നിവർ സംസാരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ‌് പുഷ‌്പലത സ്വാഗതവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി സ്വാഗതവും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top