26 May Sunday
8 പൊലീസുകാർക്ക് പരിക്കേറ്റു

മുല്ലൂർ ക്ഷേത്രോത്സവത്തിൽ ആർഎസ‌്എസ‌് അഴിഞ്ഞാട്ടം

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
കോവളം 
മുല്ലൂർ ദേവീക്ഷേത്രത്തിൽ ആർഎസ‌്എസ‌്–- ബിജെപി ക്രിമിനലുകൾ അഴിഞ്ഞാടി. നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാർക്കുനേരെ ആക്രമണം. എസ്ഐ അടക്കം എട്ടു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് ജീപ്പും അടിച്ച് തകർത്തു. തലയ‌്ക്കും മുതുകിലും ഗുരുതര പരിക്കേറ്റ ഏഴ് പൊലീസുകാരെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും തോളെല്ല് തകർന്ന പൊലീസുകാരനെ മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു .
  
വിഴിഞ്ഞം സ്റ്റേഷനിലെ എഎസ്ഐ രാജൻ, സിപിഒമാരായ കൃഷ്ണകുമാർ, മനോജ്, അജികുമാർ, സന്തോഷ്, സുധീർ, രതീഷ്, ഹോം ഗാർഡ് മിൽക്കിസ ബേക്ക് എന്നിവർക്കാണ് പരിക്കേറ്റത്. വിഴിഞ്ഞം പൊലീസ് എട്ടു പേരെ അറസ്റ്റ്ചെയ‌്തു. അമ്പതോളം പേർക്കെതിരെ കേസെടുത്തു. 
 
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ വിഴിഞ്ഞം മുല്ലൂർ ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഗാനമേളയ‌്ക്കിടയിലാണ്  ആർഎസ‌്എസ‌്–- ബിജെപി ക്രിമിനലുകൾ അക്രമം അഴിച്ചുവിട്ടത‌്. ആക്രമണം നടത്തിയ മുല്ലുർ സ്വദേശികളായ രാജേഷ്, അഗസ്റ്റിൻ, ജിത്തു, ശ്രീരാഗ്, വൈശാഖ്, അരുൺ, വിപിൻ, അനീഷ് എന്നീ ആർഎസ‌്എസ‌്–- ബിജെപി ക്രിമിനലുകളാണ് അറസ്റ്റിലായത്.  
 ഉത്സവസ്ഥലത്ത് ഗാനമേള നടക്കുന്നതിനിടയിൽ ഒരു സംഘം ആർഎസ‌്എസ‌്–- ബിജെപി ക്രിമിനലുകൾ സ്ത്രീകളും കുട്ടികളും ഇരുന്ന സ്ഥലം കൈയേറി ഡാൻസ് ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത‌് തടയാനെത്തിയ മൂന്നു പൊലീസുകാരെ സംഘം കൈയേറ്റംചെയ്തു. വിവരമറിഞ്ഞ് വിഴിഞ്ഞം സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസെത്തി.
 
പ്രശ്നക്കാരായ ചിലരെ പിടികൂടി ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ സംഘടിച്ചെത്തിയ ബിജെപി സംഘം  കൂട്ടിയിട്ടിരുന്ന ചൂടു കല്ലുകൾ കൊണ്ട് പൊലീസുകാരെ തലങ്ങും വിലങ്ങും എറിയുകയകയിരുന്നു. എആർ ക്യാമ്പിൽനിന്ന‌് കൂടുതൽ പൊലീസെത്തി ലാത്തിവീശിയാണ് സംഘർഷത്തിന് അയവ‌് വരുത്തിയത്. പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകാൻ പൊലീസ് ശ്രമിക്കവേ ബിജെപിക്കാർ കൂട്ടമായെത്തി തടയാനും ശ്രമിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top