19 May Sunday
വേനൽമഴ

ശക്തമായ ഇടിമിന്നലിന‌് സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
തിരുവനന്തപുരം
സംസ്ഥാനത്ത‌് വേനൽ മഴയോടനുബന്ധിച്ച് പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ ശക്തമായ ഇടിമിന്നൽ സാധ്യതയുണ്ടെന്ന‌് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ‌്.  കാർമേഘം കണ്ടുതുടങ്ങിയാൽ മുൻകരുതൽ സ്വീകരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗവേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം.  പ്രാസംഗികർ ഉയർന്ന വേദികളിൽ നിൽക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യണം. ഇടിമിന്നൽ ലക്ഷണം കണ്ടാലുടൻ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം.  ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.
 
- ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. ഫോൺ ഉപയോഗിക്കരുത്‌. ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുകയോ ജലാശയത്തിൽ ഇറങ്ങുകയോ ചെയ്യരുത‌്. മിന്നലുള്ള സമയത്ത്‌ ടെറസ്സിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ വൃക്ഷങ്ങളുടെ ചുവട്ടിലോ ഇരിക്കരുത‌്. തുറസ്സായ സ്ഥലത്ത്‌ നിർത്തിയ വാഹനത്തിനുള്ളിൽ ഇരിക്കരുത‌്. 
 
ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. ഇടിമിന്നൽ സാധ്യതയുള്ള സമയം കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാൻ അനുവദിക്കരുത‌്. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. -ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക‌് മുകളിൽ മിന്നൽ ചാലകവും വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രൊട്ടക്ടറും ഘടിപ്പിക്കണം. 
 
മിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഉണ്ടാകാറില്ല. മിന്നലേറ്റാൽ ആദ്യ മുപ്പത്‌ സെക്കന്റിനുള്ളിൽ പ്രഥമ ശുശ്രൂഷ നൽകുക. 
പ്രധാന വാർത്തകൾ
 Top