06 June Saturday

സി ദിവാകരനെ വിജയിപ്പിക്കുക: സാംസ‌്കാരിക പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
തിരുവനന്തപുരം
തിരുവനന്തപുരം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥനാർഥി  സി  ദിവാകരനെ വിജയിപ്പിക്കണമെന്ന‌് സാംസ‌്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ അഭ്യർഥിച്ചു. പ്രൊഫ. കെ എൻ പണിക്കർ, ഡോ. പുതുശ്ശേരി രാമചന്ദ്രൻ, സച്ചിദാനന്ദൻ, ഷാജി എൻ കരുൺ, വൈശാഖൻ തുടങ്ങി ‌എൺപതിലധികം സാംസാകരിക പ്രവർത്തകരാണ‌് അഭ്യർഥന പുറപ്പെടുവിച്ചിരിക്കുന്നത‌്. 
 
രാജ്യം ഇന്നോളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും പ്രാധാന്യമുള്ള  രാഷ്ട്രീയ സാഹചര്യത്തിലാണ് ജനങ്ങൾ പോളിങ‌് ബൂത്തിലേക്ക് പോകുന്നതെന്ന‌് അവർ പ്രസ‌്താവനയിൽ ചൂണ്ടിക്കാട്ടി. ധാബോൽക്കർ, ഡോ. കൽബുർക്കി, ഗോവിന്ദ് പാൻസാരേ, ഗൗരി ലങ്കേഷ് എന്നീ അസാധാരണ  പ്രതിഭകളെ അവരുടെ സ്വതന്ത്ര നിലപാടുകളോടുള്ള അസഹിഷ്ണുത ഒന്നുകൊണ്ടുമാത്രം കൊന്നൊടുക്കുമ്പോൾ വർഗ്ഗീയശക്തികൾ ഒരു രാഷ്ട്രത്തിന്റെ മതേതര സങ്കൽപ്പത്തെയാണ് തകർത്തെറിയുന്നത്.  ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയെ കാറ്റിൽ പറത്തി സാംസ്കാരികരംഗത്തെ ഉജ്വല നക്ഷത്രങ്ങളായിരുന്ന ഈ പ്രഗത്ഭ വ്യക്തിത്വങ്ങളെ ഇല്ലാതെയാക്കുമ്പോൾ രാജ്യത്തെ ഭരണകൂടങ്ങൾ നോക്കിനിൽക്കുകയായിരുന്നുവോ?. ഇന്നത്തെ സാഹചര്യത്തിൽ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് മാത്രമേ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും കാത്തുസൂക്ഷിക്കുവാനാകൂ. തിരുവനന്തപുരം പാർലമെന്റ് നിയോജകമണ്ഡലത്തിൽ സാംസ്കാരികമുഖമുള്ള പുരോഗമന പ്രസ്ഥാനത്തിന്റെ പ്രഗത്ഭനായ സാരഥി സി ദിവാകരൻ വിജയിക്കണം. കരുനാഗപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിൽനിന്നും രണ്ടുതവണയും നെടുമങ്ങാട് അസംബ്ലി നിയോജക മണ്ഡലത്തിൽനിന്നും ഇത്തവണയും വൻവിജയങ്ങൾ നേടിയ പ്രഗത്ഭനായ നിയമസഭാ സാമാജികനാണ‌്  ദിവാകരൻ. കേരളത്തിലെ എണ്ണിപ്പറയാവുന്ന മന്ത്രിമാരിൽ ശ്രദ്ധേയനായിത്തീരുകവഴി ഏറ്റവും മികച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി എന്ന് പേരെടുത്ത സി ദിവാകരൻ  എല്ലാവരുടെയും പ്രിയപ്പെട്ട സഖാവാണ‌്. നിരവധി പുസ‌്തകങ്ങളുടെ രചയിതവുമാണ‌് അദ്ദേഹം. 
 
അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തുകയും വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ജനങ്ങൾക്കാകെ പ്രിയങ്കരനായ സി. ദിവാകരൻ കേരളത്തിന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ ജനകീയ നേതാവാണ്. സാംസ്കാരിക രംഗം ഇങ്ങനെയൊരു സഹപ്രവർത്തകന്റെ ഒപ്പം നിൽക്കുമ്പോഴാണ് കൂടുതൽ സാർഥകമാകുന്നത്. ഈ തിരിച്ചറിവിൽ പുരോഗമന സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനുമായ  സി ദിവാകരന്റെ വിജയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന‌് സാസ‌്കാരിക പ്രവർത്തകർ പറഞ്ഞു. 
 
ഡോ. ജി ബാലമോഹൻ തമ്പി,  പെരുമ്പുഴ ഗോപാലകൃഷ്ണൻ, ഡോ. ബി രാജീവൻ, അശോകൻ ചരുവിൽ, കുരീപ്പുഴ ശ്രീകുമാർ, നീലംപേരൂർ മധുസൂദനൻ നായർ, കെഇഎൻ, ഏഴാച്ചേരി രാമചന്ദ്രൻ, പിരപ്പൻകോട് മുരളി, പികെ ഗോപി, പി കെ മേദിനി, ഡോ. സി രാവുണ്ണി, ഡോ. പി സോമൻ, എസ് രമേശൻ, പ്രഫ. വി എൻ മുരളി, പ്രിയനന്ദനൻ, ഡോ. എസ് രാജശേഖരൻ, വി കെ ജോസഫ്, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിധു വിൻസെന്റ്, ഡോ. നീന പ്രസാദ്, ഡോ. ഖദീജ മുംതാസ്,  ഭാഗ്യലക്ഷ്മി,  പ്രൊഫ. വസന്തകുമാർ സാംബശിവൻ തുടങ്ങിയവരും പ്രസ‌്താനയിൽ ഒപ്പുവച്ചിട്ടുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top