20 August Tuesday
എംപി കൈയൊഴിഞ്ഞു

പാറശാല താലൂക്കാശുപത്രിക്ക് പുതുജീവൻ നൽകി എൽഡിഎഫ് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
പാറശാല -
ആതുരാലയങ്ങളെ കൈപിടിച്ചുയർത്തുവാൻ എൽഡിഎഫ് സർക്കാർ വഹിച്ച പങ്ക് ശ്ലാഘനീയം. അവഗണനയുടെ കയ്പുനീർ കുടിച്ച് ശോച്യാവസ്ഥയിലായിരുന്ന പാറശാല ഗവ.താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാർ. എംപി തിരിഞ്ഞു നോക്കാത്ത ആശുപത്രിയിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി മൂലമാണ്. 
 
118 വർഷത്തോളം പഴക്കമുള്ള ആതുരാലയത്തിൽ ഇന്ന് മെച്ചപ്പെട്ടതും ഗുണമേന്മയുള്ളതുമായ ചികിത്സയാണ് ലഭിക്കുന്നത്. സി കെ ഹരീന്ദ്രൻ എംഎൽഎയും പാറശാല ബ്ലോക്ക് പഞ്ചായത്തും ആശുപത്രിയുടെ വികസനത്തിന് പ്രത്യേക ഊന്നൽ നൽകി വരുന്നു. കടലോരം മുതൽ മലയോര പ്രദേശത്തു നിന്നു വരെയുള്ള നിർധന നിരവധി രോഗികളാണ് നിത്യേന ഈ ആതുരാലയത്തെ ആശ്രയിക്കുന്നത്. 119 കിടക്കയാണ് ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളതെങ്കിലും 235 ഓളം രോഗികൾവരെ ചികിത്സയിൽ കഴിയുന്നുണ്ട്. ദിവസേന 1800 മുതൽ 2000 രോഗികൾ വരെ ഒപിയിൽ ചികിത്സയ‌്ക്കായി എത്തുന്നുണ്ട്. ആശുപത്രിയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി നൂറ് കോടി രൂപയുടെ മാസ്റ്റർ പ്ലാനിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. മാതൃശിശു സംരക്ഷണ ബ്ലോക്ക് ,സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ‌്, ഒഫ്താൽമോളജി ബ്ലോക്ക് എന്നിവ നിർമിക്കാൻ  5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആശുപത്രിയിലെ മോർച്ചറി ബിൽഡിങ‌് .ഖരമാലിന്യ സംസ്കരണ പ്ലാന്റ്, എക്സ്റേ യൂണിറ്റ്, ഡിജിറ്റൽ സംവിധാനമൊരുക്കിയ ലാബ്, ഒ പി യിലെ ടോയ്‌ലറ്റ‌്, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയും നടപ്പിലാക്കി. എല്ലാ വാർഡിലും ടൈൽസും മാർബിളും പതിപ്പിച്ചു. ആശുപത്രി പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് ലിങ്ക് റോഡുകൾ ടാർ ചെയ്തു.പേ വാർഡ് മെച്ചപ്പെട്ട രീതിയിൽ സജ്ജമാക്കി, കുടിക്കുവാൻ ഫിൽറ്റർ ചെയ്ത വെള്ളം ലഭ്യമാക്കി. ആശുപത്രി പരിസരത്തെ പാർക്കും വിശാലമായ പൂന്തോട്ടവും നല്ല അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
ഒപിയുടെ മുൻവശത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി കസേരകളും ടെലിവിഷനും സ്ഥാപിച്ചു. തിയറ്ററിൽ ഓപ്പറേഷൻ ടേബിൾ ഉൾപ്പെടെ മെച്ചപ്പെട്ട സംവിധാനം ഒരുക്കി. ആശുപത്രിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മാലിന്യ നിർമാർജ്ജന പ്രവർത്തനം മികച്ച രീതിയിൽ നടത്തിയതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരത്തിനും ആശുപത്രി അർഹമായി.മെഡിക്കൽ കോളേജിലും സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലും നടത്തി വരുന്ന കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാറശാല ഗവ.താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി തലയുയർത്തി നിൽക്കുന്നു. 
 
ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണന്റെയും ആർഎംഒ ഡോ. ഷാജിയുടെയും നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആത്മാർഥമായ സേവനവും ആശുപത്രിയുടെ പ്രവർത്തനത്തെ മുഖ്യധാരയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. സി കെ ഹരീന്ദ്രൻ എം എൽ എ യുടെയും പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെയും ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തെ തുടർന്ന് എല്ലാ തരത്തിലും മികവിന്റെ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ്  ഈ ജനകീയ ആതുരാലയം.
പ്രധാന വാർത്തകൾ
 Top