04 June Thursday
സ്വന്തം ലേഖകർ

കേന്ദ്രബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ എൽഡിഎഫ്‌ തിരുവനന്തപുരം ആർഎംഎസിന്‌ മുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
കേന്ദ്രബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണയും നടത്തി. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്‌ ത്വരിതവേഗം നൽകുന്ന റെയിൽവേ, എയിംസ്‌ തുടങ്ങിയവയ്‌ക്കൊന്നും ഫണ്ട്‌ വകയിരുത്താതെ കേരളത്തെ തഴഞ്ഞതിൽ ജനങ്ങളുടെ രാഷ്ട്രീയഭേദമെന്യേയുള്ള പ്രതിഷേധം എൽഡിഎഫ്‌ മാർച്ചിൽ ജ്വലിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ്‌ കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാനെത്തിയത്‌. 140 നിയോജകമണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രസർക്കാർ ഓഫീസുകളിലേക്കായിരുന്നു മാർച്ച്‌. മലപ്പുറത്ത്‌ കുന്നുമ്മൽ പോസ്‌റ്റ്‌ഓഫീസ്‌ മാർച്ച്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. 
 
തലസ്ഥാനജില്ലയിലെ 14 നിയോജകമണ്ഡലത്തിലും ബഹുജനങ്ങൾ മാർച്ചിൽ അണിനിരന്നു. ജില്ലയുടെ വികസനക്കുതിപ്പിന്‌ സഹായകമായിരുന്ന റെയിൽ വികസനം, എയിംസ്‌, നേമം ടെർമിനൽ എന്നിവയ്‌ക്കൊന്നും കാര്യമായ സഹായം നൽകാത്തതിൽ രാഷ്ട്രീയഭേദമെന്യേ പ്രതിഷേധം ജ്വലിച്ചു. തിരുവനന്തപുരത്ത്‌ തമ്പാനൂരിലെ ആർഎംഎസ്‌ ഓഫീസിനു മുന്നിൽ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്‌തു. അഡ്വ. എ എ റഷീദ്‌ അധ്യക്ഷനായി. 
 
വട്ടിയൂർക്കാവിൽ  കവടിയാർ പോസ്റ്റ്ഓഫീസിലേക്ക്‌ നടത്തിയ മാർച്ചും ധർണയും സിപിഐ അസി. സെക്രട്ടറി കെ  പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ സി വിക്രമൻ അധ്യക്ഷനായി.  വട്ടിയൂർക്കാവ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. ആറ്റിങ്ങലിൽ  ബിഎസ്എൻഎൽ ഓഫീസ്‌ മാർച്ച്‌  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു ഉദ്ഘാടനംചെയ്തു. അഡ്വ.  സി എസ് ജയചന്ദ്രൻ അധ്യക്ഷനായി. അരുവിക്കരയിൽ  ആര്യനാട്  പോസ്റ്റ് ഓഫീസ് മാർച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു.  
പ്രധാന വാർത്തകൾ
 Top