03 April Friday

ആനാവൂരിലെ കുട്ടിപ്പൊലീസ്‌ ഗിന്നസ്‌ ബുക്കിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ സ്‌റ്റുഡന്റ്‌സ്‌ പൊലീസ്‌ കേഡറ്റുകൾ പ്രിൻസിപ്പലിനും പരിശീലകർക്കുമൊപ്പം

വെള്ളറട
സമാനതകളില്ലാത്തതും  മാതൃകാപരവുമായ നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിപ്പൊലീസിന്  വേൾഡ് ഗിന്നസ് അംഗീകാരം. അന്താരാഷ്ട്ര അഹിംസാദിനത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ്‌ ഇൻഡോർ സ്റ്റേഡിയത്തിൽ, ആയിരം സമാധാന അംബാസഡർമാരെ വാർത്തെടുക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിലെ മികച്ച പങ്കാളിത്തത്തിനാണ്  ഗിന്നസ്‌ അംഗീകാരം. സ്റ്റുഡൻസ് പൊലീസ് വിഭാഗത്തിൽ ആനാവൂർ എച്ച്എസ്എസിലെ 25 കേഡറ്റുകളെ സമാധാന അംബാസഡർമാരായി തെരഞ്ഞെടുത്തിരുന്നു.
 
പേപ്പർ ക്യാരി ബാഗ് നിർമിച്ച് വീടുകൾതോറും വിതരണം ചെയ്ത്  പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടം നയിച്ചും സ്കൂളിനു സമീപപ്രദേശങ്ങളിൽ വിശന്നിരിക്കുന്നവർക്ക് പൊതിച്ചോർ വിതരണം ചെയ്തും ഭിന്നശേഷിക്കാരായ സഹപാഠികൾക്കായി സോപ്പ്‌ നിർമാണ വിതരണ യൂണിറ്റ് രൂപീകരിച്ചും ആരോഗ്യ പരിപാലന രംഗത്ത് ജീവാമൃതം എന്നപേരിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾ നടത്തിയും ആനാവൂരിലെ കുട്ടിപ്പൊലീസ് മികവോടെ മുന്നേറുന്നു. 
 
മാരായമുട്ടം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിൽ മികച്ച പരിശീലനം ലഭിച്ചുവരുന്ന യൂണിറ്റിന്റെ നേതൃത്വം സൗദീഷ് തമ്പി ,സുഗതകുമാരി എന്നീ അധ്യാപകർക്കാണ്‌.
 എഎസ്ഐ സനൽകുമാർ, സിപിഒ ആശ എന്നിവരാണ് പരിശീലകർ.
പ്രധാന വാർത്തകൾ
 Top