03 April Friday
എട്ടുപേർ കസ്റ്റഡിയിൽ

രാജധാനി കോളേജിലെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
കിളിമാനൂർ
ന​ഗരൂർ രാജധാനി എൻജിനീയറിങ്‌ കോളേജിന് മുന്നിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഘർഷത്തിൽ ഏർപ്പെട്ട എട്ടുപേർ ന​ഗരൂർ പൊലീസിന്റെ കസ്റ്റഡിയിലായി. ഇരുപതോളം ബൈക്കുകളും പിടിച്ചെടുത്തു.
 
ചൊവ്വാഴ്ച വൈകിട്ടോടെയാണ്‌ സംഘർഷം ആരംഭിച്ചത്. കോളേജിലെ സിവിൽ, മെക്കാനിക്കൽ വിഭാ​ഗം വിദ്യാർഥികൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കോളേജിൽ നടന്ന ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ചെറിയ തോതിൽ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോളേജിന് പുറത്തുനടന്നത്‌.ഫുട്ബോൾ കളിക്കിടെ തോട്ടയ്ക്കാട് സ്വദേശിയായ വിദ്യാർഥിക്ക് മർദനമേറ്റിരുന്നു. തുടർന്ന് ഈ വിദ്യാർഥി തോട്ടയ്ക്കാട് പ്രദേശത്ത് നിന്നുള്ള ​ഗുണ്ടാസംഘവുമായെത്തി സംഘർഷമുണ്ടാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. ഗുണ്ടാസംഘത്തിനൊപ്പം ഒരുവിഭാ​ഗം വിദ്യാർഥികളും സംഘടിച്ചതോടെ രംഗം നിയന്ത്രണാതീതമായി.
 
ഇരുനൂറിലധികംപേർ ഏറ്റുമുട്ടിയതോടെ പ്രദേശം കലാപ ഭൂമിയായി. വിവരമറിഞ്ഞ് ന​ഗരൂർ പൊലീസ്‌ ഇൻസ്‌പെക്‌ടർ സഹിലിന്റെ നേതൃത്വത്തിലെത്തിയ സംഘം വിദ്യാർഥികളെ തുരത്തി. അക്രമിസംഘം എത്തിയതെന്ന്‌ കരുതുന്ന ബൈക്കുകളാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.പിടിച്ചെടുത്ത ബൈക്കുകൾ കോടതിയിൽ ഹാജരാക്കുമെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കോളേജിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.
പ്രധാന വാർത്തകൾ
 Top