03 April Friday
സമഗ്രാന്വേഷണം വേണമെന്ന്‌ വീട്ടുകാർ

നൊമ്പര പൂവായ്‌ അഭി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
തിരുവനന്തപുരം
‘ഐ ലവ്‌ യു കണ്ണാ’ പൊന്നോമനയുടെ മൃതദേഹം എടുത്തപ്പോൾ വാവിട്ട്‌ കരഞ്ഞ്‌ അമ്മ മഞ്‌ജു ഒരിക്കൽ കൂടി വിളിച്ചുപറഞ്ഞു. ആ കാഴ്‌ച കണ്ടവരും സങ്കടം അടക്കാൻ പാടുപെട്ടു. കരമനയാറ്റിൽ മുങ്ങി മരിച്ച പ്ലസ്‌വൺ വിദ്യാർഥി അഭിജിത്തിന്‌ നാട്‌ യാത്രാമൊഴി നൽകി.
 
പോസ്‌റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്‌ച രാവിലെയാണ്‌ അഭിജിത്തിന്റെ മൃതദേഹം നെടുങ്കാട്ടെ വീട്ടിൽ എത്തിച്ചത്‌. ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ സഹപാഠികളും അധ്യാപകരും അടക്കം നിരവധിപേരാണ്‌ യാത്രാമൊഴി നൽകാൻ എത്തിയത്‌. അഭിജിത്തിന്റെ വീട്ടിലെ വിളിപ്പേര്‌ കണ്ണനെന്നായിരുന്നു. പുറത്ത്‌ കൂട്ടുകാരും അടുപ്പമുള്ളവരും അഭിയെന്നും വിളിക്കും. 
 മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. അഭിജിത്ത്‌ കരമനയാറ്റിലേക്ക്‌ പോകുന്ന വഴിയിലേക്ക്‌ ഓടുന്നതായി സിസിടിവി ദൃശ്യമുണ്ട്‌. ഇത്തരം സ്ഥലങ്ങളിൽ ഒറ്റയ്‌ക്ക്‌ പോകുന്ന സ്വഭാവം മകനില്ലെന്ന്‌ മാതാപിതാക്കൾ പറയുന്നു. ടീഷർടും ബർമൂഡയും ധരിച്ചിരുന്നതായി ദൃശ്യത്തിലുണ്ട്‌. എന്നാൽ, മൃതദേഹത്തിൽ വസ്‌ത്രങ്ങളില്ലായിരുന്നു. ഇതും ദുരൂഹതയ്‌ക്ക്‌ ആക്കം കൂട്ടുന്നു. പഠിക്കാൻ സമർഥനാണ്‌ അഭിജിത്ത്‌. പരീക്ഷാ പേടി ഉണ്ടാകേണ്ട കാര്യമില്ല. ഇൗ സാഹചര്യത്തിൽ മരണത്തിൽ സമഗ്രാന്വേഷണം വേണം–-അച്ഛൻ രതീഷ്‌കുമാർ പറഞ്ഞു.  
 
അന്വേഷണത്തിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന്‌ കരമന പൊലീസ്‌ വ്യക്തമാക്കി. ശരീരത്തിൽ പരിക്കുകളില്ല. മുങ്ങിമരണമെന്നാണ്‌ പ്രാഥമികനിഗമനം. മൊബൈൽ ഫോണും പേഴ്‌സും വീട്ടിൽവച്ചാണ്‌ പുറത്തേക്ക്‌ ഇറങ്ങിയത്‌. വസ്‌ത്രം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌ ലഭിച്ച ശേഷമേ മരണ കാരണം സംബന്ധിച്ച്‌ വ്യക്തത കൈവരൂ. വിദ്യാർഥികളുടെ മൊഴി എടുത്തപ്പോഴും സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ല–-പൊലീസ്‌ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top