20 March Wednesday

ഹർത്താൽ മറവിൽ കോൺഗ്രസ്‌ അക്രമപരമ്പര

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
തിരുവനന്തപുരം> നാടിനെ കലാപ ഭൂമിയാക്കി ജില്ലയിൽ യൂത്ത‌് കോൺഗ്രസ‌് ഹർത്താൽ. ഹർത്താലിന്റെ മറവിൽ തലസ്ഥാനത്ത‌് വ്യാപക ആക്രമണമാണ‌് യൂത്ത‌് കോൺഗ്രസ‌്, കോൺഗ്രസ‌്, കെഎസ‌്‌യു പ്രവർത്തകർ നടത്തിയത‌്. വൈകി ഹർത്താൽ പ്രഖ്യാപിച്ചതറിയാതെ പുറത്തിറങ്ങിയവർ വിവിധ പ്രദേശങ്ങളിൽ കുടുങ്ങി. പൊങ്കാല പ്രമാണിച്ച‌് നഗരത്തെ ഹർത്താലിൽനിന്ന‌് ഒഴിവാക്കുമെന്ന‌് അറിയിച്ചിരുന്നെങ്കിലും തമ്പാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. പൊലീസ‌് എത്തി അക്രമികളെ പിന്തിരിപ്പിച്ച ശേഷമാണ‌് കെഎസ‌്ആടിസി സർവീസ‌് പുനരാരംഭിക്കാൻ കഴിഞ്ഞത‌്.  നഗരത്തിൽ കടകൾ ഭൂരിഭാഗവും തുറന്നു പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി. ഓട്ടോറിക്ഷകളും സർവീസ‌് നടത്തി. സെക്രട്ടറിയറ്റ‌് മാർച്ചിൽ യൂത്ത‌്  കോൺഗ്രസ‌ുകാർ നടത്തിയ ആക്രമണത്തിൽ രണ്ട‌് മാധ്യമപ്രവർത്തകർക്ക‌് പരിക്കേറ്റു. അക്രമികൾക്ക‌് നേരെ പൊലീസ‌് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന‌് രണ്ട‌് മണിക്കൂറോളം എംജി റോഡിൽ ഗതാഗതം സ‌്തംഭിച്ചു. നഗരത്തിന‌് പുറത്ത‌് തീർത്തും വ്യത്യസ‌്തമായിരുന്നു സ്ഥിതി. പ്രകോപനമരായ മുദ്രാവാക്യങ്ങൾ മുഴക്കി കോൺഗ്രസ‌് പ്രവർത്തകർ അഴിഞ്ഞാടി. കടകൾ ബലമായി അടപ്പിച്ചു. കെഎസ‌്ആർടിസി, സ്വകാര്യ ബസുകൾക്ക‌് നേരെ കല്ലെറിഞ്ഞു. വാഹനങ്ങൾ തടഞ്ഞു. വാളിക്കോട‌് കെഎസ‌്ആർടിസി  ബസിന‌് നേർക്കുണ്ടായ കല്ലേറിൽ ഡ്രൈവർക്ക‌് പരിക്കേറ്റു.
 
ആറ്റിങ്ങൽ  കോരാണി ടോള്‍മുക്കിന് സമീപം യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഗതാഗതം തടഞ്ഞു . തുടര്‍ന്ന് ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിൽ  കോൺഗ്രസുകാരെ അറസ്റ്റുചെയ്തു നീക്കി. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന്മുമ്പിലും യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ശ്രമിച്ചു. കോരാണിയില്‍ നിന്നും കോണ്‍ഗ്രസുകാരായ അനൂപ്, വിനീഷ്, സജിത്, അന്‍സാര്‍, വിശ്വനാഥന്‍ നായര്‍, അജു, അഖില്‍, ബിനോയ്, വിശാഖ്, കബിര്‍, മഹേഷ്, അച്ചു എന്നിവർ അറസ്റ്റിലായി. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ‌് പരിസരത്ത് നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രിന്‍സ് രാജ്, കിരണ്‍, പ്രശാന്ത്, ഇല്ല്യാസ് എന്നിവരെ  രാവിലെ കസ്റ്റഡിയിലെടുത്തു. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അംഗം എം എ ലത്തീഫിന്റെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 
 
നെയ്യാറ്റിൻകരയിൽ ഹർത്താൽ ഭാഗികം. കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിൽനിന്ന് രാവിലെ 92 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. കാട്ടാക്കട, പെരുമ്പഴുതൂർ, ചായ്ക്കോട്ടുകോണം എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ പെരുവഴിലിറക്കിവിട്ടു. നെയ്യാറ്റിൻകര ഡിപ്പോയിൽ കോൺ​ഗ്രസ് അനുകൂല സംഘടനയിലെ പ്രവർത്തകർ ജോലിക്ക് ഹാജരായതിനാൽ കോൺ​ഗ്രസ് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ ഡിപ്പോയിൽ അതിക്രമിച്ചുകയറി അസിസ്റ്റന്റ‌് ഡിപ്പോ എൻജിനിയർ ലിനോ അലക്സിനെ ഭീഷണിപ്പെടുത്തി കൈയേറ്റത്തിന‌് മുതിർന്നു. കടകമ്പോളങ്ങൾ പകുതിയിലേറെ തുറന്ന് പ്രവർത്തിച്ചു. വാഹനങ്ങൾ യഥേഷ്ടം ഓടി. വിരലിലെണ്ണാവുന്നവരുടെ നേതൃത്വത്തിലായിരുന്നു നെയ്യാറ്റിൻകരയിൽ പ്രകടനവും വഴിതടയലും നടന്നത്. 
 
  വെള്ളറട ജംഗ്ഷനു സമീപം കെഎസ്ആർടിസി ബസുകൾ കോൺഗ്രസുകാർ തടഞ്ഞു തിരിച്ചയച്ചു. ഒറ്റശേഖരമംഗലം, ആര്യൻകോട്, വെള്ളറട, കുന്നത്തുകാൽ തുടങ്ങിയ പഞ്ചായത്ത‌് പ്രദേശങ്ങളിലെ പല സ്ഥാപനങ്ങളും ഹർത്താലനുകൂലികൾ  അടപ്പിച്ചു   വെഞ്ഞാറമൂട്‌ കല്ലറയില്‍ കോണ്‍ഗ്രസ് അക്രമത്തില്‍  വ്യാപാരിക്ക‌് മര്‍ദനം.  9ഓടെ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് –-യൂത്ത്കോണ്‍ഗ്രസ് സംഘം  ഇയാളെ മര്‍ദിക്കുകയും കടയിലെ സാധനങ്ങള്‍ വാരി പുറത്തേയ്ക്ക് എറിഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ ഷംനാദിനെ കല്ലറ തറട്ടആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട് പൊലീസില്‍ പരാതി നല്‍കി. 
ഹര്‍ത്താല്‍ അറിയാതെ ആശുപത്രികളിലും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കുമായി പുറത്തിറങ്ങിയവരെ തേമ്പാമൂട്ടില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ തടഞ്ഞു. ആശുപത്രിയിൽ പോകുന്നവരെ പോലും മണിക്കൂറുകൾ തടഞ്ഞിട്ടു. കെഎസ്ആര്‍ടിസി ബസുകളെ തടയുകയും ബസ് യാത്രക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും അസഭ്യം വിളിക്കുകയും ചെയ്തു. 
     
കാട്ടാക്കട,  പൂവച്ചൽ പഞ്ചായത്ത‌് പ്രദേശങ്ങളിൽ കോൺഗ്രസ്‌ പ്രവർത്തകർ  സർക്കാർ സ്ഥാപനങ്ങൾ അടപ്പിച്ചു. കെഎസ്ആർടിസി ബസും സ്വകാര്യ വാഹനങ്ങളും ആക്രമിച്ചു. കാട്ടാക്കട പ്രധാന ചന്ത ദിവസമായ തിങ്കളാഴ്ച  അപ്രതീക്ഷിത ഹർത്താലിൽ ചെറുകിട കച്ചവടക്കാർ ഉൾപ്പടെ വലഞ്ഞു. ഉൾപ്രദേശങ്ങളിൽ നിന്നും ചെറു വാഹനങ്ങളിലും ബസുകളിലും   കച്ചവടത്തിനായി സാധനങ്ങളുമായി എത്തിയവരും ബുദ്ധിമുട്ടി. കാട്ടാക്കട താലൂക്ക് ഓഫീസിൽ  കോൺഗ്രസുകാർ തഹസിൽദാരുടെ ചേമ്പറിൽ കടന്നിരുന്നു. പുറത്തിറങ്ങാൻ കൂട്ടാക്കാത്ത ഇവരെ അറസ്റ്റ‌് ചെയ്തു നീക്കി. താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ‌് ചെയ്തു നീക്കി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എം അഗസ്റ്റിൻ, ഷാജി ദാസ്, കാട്ടാക്കട വിഷ്ണു, ബേബി, കൊറ്റംപള്ളി സനൽ എന്നിവരെയാണ് അറസ്റ്റ‌് ചെയ്തത്. കാട്ടാക്കട ചാരുപാറയിൽ  കെഎസ്ആർടിസി ബസിന‌് നേരെ കല്ലേറുണ്ടായി. പൂവച്ചൽ ജങ്ഷനിൽ  സ്വകാര്യ വാഹനത്തിന്റെ ചില്ലു പൊട്ടിച്ചു. പൂവച്ചലിൽ ഹർത്താലിന്‌ നേതൃത്വം കൊടുത്ത മണ്ഡലം പ്രസിഡന്റ‌് സത്യദാസ് പൊന്നെടുത്തകുഴി, ആർ രാഘവലാൽ, സുകുമാരൻ നായർ, ലിജു സാമുവൽ, റിജു വർഗീസ്, ഫസിൽ, അൻസർ എന്നിവരെ പൊലീസ് അറസ്റ്റ‌് ചെയ്തു. ഇവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കിളിമാനൂരിൽ നിരത്തിലിറങ്ങിയ കെഎസ്ആർടിസി, സ്വകാര്യസർവീസുകളെ കല്ലമ്പലത്തും നാവായിക്കുളത്തും കിളിമാനൂരിലും സമരാനുകൂലികൾ തടഞ്ഞതോടെ ജനങ്ങൾ വലഞ്ഞു. മേഖലയിലെ സ്‌കൂളുകളും സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല. രാവിലെ തുറക്കാൻ ശ്രമിച്ച കടകളെല്ലാം അടപ്പിച്ചു. 
 
പാറശാലയിൽ അതിർത്തി പ്രദേശത്ത് യുഡിഎഫ് ഹർത്താൽ ജനത്തെ വലച്ചു. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തിയ വാഹനങ്ങളെ വലച്ചു. തമിഴ്നാട് ആർടിസി ബസുകളുടെ താക്കോൽ സമരാനുകൂലികൾ ഊരിയെടുത്തത് പ്രതിഷേധത്തിനിടയാക്കി. പാറശാല, നെയ്യാറ്റിൻകര ആർടിസി ഡിപ്പോകളിൽ നിന്നും പതിവു പോലെ സർവ്വീസുകൾ നടത്തിയെങ്കിലും  പരശുവയ്ക്കൽ, കൊറ്റാമം, ഉദിയൻകുളങ്ങര തുടങ്ങിയ ഭാഗങ്ങളിൽ വാഹനങ്ങൾ  തടഞ്ഞു. ദേശീയപാതക്ക് സമീപത്തുള്ള ഇടറോഡ് വഴിയും വാഹനങ്ങളെ വഴി തിരിച്ചുവിട്ടു. പല ഭാഗങ്ങളിലും കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിച്ചു. പ്രദേശത്ത് പല ഭാഗങ്ങളിലും കല്ലുകൾ നിരത്തി റോഡ് ഗതാഗതം തടസ്സപ്പെടുത്തി. നെടുമങ്ങാട് -ഹര്‍ത്താലിന്റെ  മറവില്‍ നെടുമങ്ങാട്ടും പരിസരങ്ങളിലും യൂത്തു കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി.  ബസ‌്ഡ്രൈവര്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. രണ്ടു യൂത്തു കോണ്‍ഗ്രസുകാർ പിടിയിലായി. പേരൂർക്കട ഡിപ്പോയിലെ കിഴക്കേക്കോട്ട നെടുമങ്ങാട് സർവീസ് നടത്തിയ ബസിനു നേരെ വാളിക്കോടുവച്ച് സമരക്കാർ കല്ലെറിഞ്ഞു. കല്ലേറിൽ തകർന്ന ചില്ല് തെറിച്ച് ഡ്രൈവറുടെ ഇടത് കൈയ‌്ക്ക് മുറിവേറ്റു. പേരൂർക്കട ഡിപ്പോയിലെ ഡ്രൈവർ സുധി കുമാറിനാണ് പരിക്കേറ്റത്. 
 
ഹര്‍ത്താല്‍ അപ്രതീക്ഷിതമായതിനാല്‍ പതിവുപോലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ബസ് സർവീസുകള്‍ നടക്കുകയും ചെയ്തു. ഉച്ചയോടെ സംഘടിച്ചെത്തിയ യൂത്തു കോണ്‍ഗ്രസുകാര്‍ ബസിനു കല്ലെറിയുകയും യാത്രക്കാരെയും സ്വകാര്യ വാഹനങ്ങളെയും ആക്രമിച്ചു. പാലോട്, വിതുര, ആറ്റിങ്ങൽ, ചെങ്കോട്ട എന്നിവിടങ്ങളിൽ നിന്നും എത്തിയ കെഎസ്ആർടിസി ബസുകളെ നടുറോഡിൽ തടഞ്ഞു കച്ചേരി ജങ‌്ഷനിൽ വാഹനങ്ങളെ തടഞ്ഞ കോൺഗ്രസുകാരെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച് സമരക്കാർ കോൺഗ്രസ് പാർടി ഓഫീസിൽ ഓടിക്കയറി . ഇവരെ പിടികൂടാൻ പാർടി ഓഫീസിൽ കയറാൻ ശ്രമിച്ച സിഐ ഉൾപ്പെടെയുള്ളവരെ നേതാക്കൾ തടഞ്ഞു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട്  കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ  മഞ്ച പുളിഞ്ചിയിൽ വീട്ടിൽ  ഷാഹിം (26), വാളിക്കോട്  എഫ്എൻ മൻസിലിൽ നൗഫൽ (22)എന്നിവരെ അറസ്റ്റുചെയ്തു. നെടുമങ്ങാട് സിഐ ബി എസ‌് സജിമോൻ, എസ്ഐമാരായ പ്രതാപചന്ദ്രൻ, സുനിൽഗോപി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top