27 September Sunday

ഡെന്റൽകോളേജ്‌ വജ്രജൂബിലിക്ക്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
തിരുവനന്തപുരം
ഒട്ടേറെ വികസനപ്രവർത്തനങ്ങൾക്ക് സാക്ഷ്യംവഹിച്ച ഗവ. ഡെന്റൽ കോളേജിന്റെ ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക്‌ 22നു സമാപനമാകും. ആരോഗ്യ മന്ത്രി കെ കെ ശൈലജ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും. വൈകിട്ട്‌ നാലിന് മെഡിക്കൽ കോളേജിലെ പഴയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ  അധ്യക്ഷനാകും. മേയർ കെ ശ്രീകുമാർ, ഡോ. മഹേഷ് വർമ എന്നിവർ വിശിഷ്ടാതിഥികളാകും. പൂർവ വിദ്യാർഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറും.
 
ഒരു വർഷം നീണ്ട ആഘോഷ പരിപാടികൾക്കൊപ്പം നിരവധി ജനോപകാരപദ്ധതികൾക്കും തുടക്കമിട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് സാമ്പത്തികസഹായം, മികച്ച വിദ്യാഭ്യാസം, തൊഴിൽ കണ്ടെത്താനുള്ള സഹായം എന്നിവയ്‌ക്കായി രൂപീകരിച്ച അലുമ്നി സ്റ്റുഡന്റ്‌ സപ്പോർട്ട് സെൽ ചാരിറ്റബിൾ സൊസൈറ്റി, 1.18 കോടി രൂപ ചെലവിട്ട്‌ നിർമിച്ച ഡെന്റൽ ലബോറട്ടറി എന്നിവ പ്രധാന പദ്ധതികളാണ്‌. എട്ടു നിലയിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഡെന്റൽ കോളേജിന്റെ പുതിയ ബ്ലോക്കും അഭിമാന പദ്ധതിയാണ്.
 
ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ  പല്ലുകളുടെയും താടിയെല്ലുകളുടെയും സ്കാനിങ്‌ ചെയ്യാൻ കഴിയുന്ന കോൺ ബീം കംപ്യൂട്ടഡ് ടോമോഗ്രാഫി പ്രവർത്തനം തുടങ്ങി. ആദിവാസിമേഖലയിലെ ക്യാമ്പ്, അമ്മത്തൊട്ടിലുമായി ബന്ധപ്പെട്ട കുട്ടികളുടെ ഡെന്റൽ ചികിത്സ, തുടർ വിദ്യാഭ്യാസ പരിപാടികൾ തുടങ്ങി നിരവധി പദ്ധതി  ഒരു വർഷത്തിനിടെ പൂർത്തിയാക്കാനായതായി പ്രിൻസിപ്പൽ അനിറ്റ ബാലൻ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top