21 February Thursday

അരനൂറ്റാണ്ടിനുശേഷം ട്രാക്കില്‍ ഇറങ്ങി പൊന്നുവാരി ബെൽസി

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

ബെൽസിയെ ഐ ബി സതീഷ്‌ എംഎൽഎ പൊന്നാടയണിയിച്ച്‌ ആദരിക്കുന്നു

കാട്ടാക്കട
അരനൂറ്റാണ്ടിനുശേഷം ട്രാക്കിൽ ഇറങ്ങി തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ബെൽസി യുവാക്കൾക്കും പ്രചോദനമാകുന്നു. ഇനി ലക്ഷ്യം ദേശീയ അത്‌ലറ്റിക്സ്. മണലിവിള  മൂക്കംപാലമൂട്  എംബിആർ ഹൗസിൽ മാർക്കോസിന്റെ ഭാര്യയായ ബെൽസി(67)യാണ് സുവർണനേട്ടത്തിന് ഉടമ. ജനുവരി 11 ,12 തീയതികളിലായി കോഴിക്കോട് മെഡിക്കൽ കോളേജ് മൈതാനത്ത‌് നടന്ന  മാസ്റ്റേഴ്സ് അത‌്‌ലറ്റിക്സ്  മത്സരത്തിൽ അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ  100, 200, 400 മീറ്റർ, 400 മീറ്റർ റിലേ, 3 കിലോമീറ്റർ നടത്തം എന്നിങ്ങനെ മത്സരിച്ച അഞ്ചിനങ്ങളിലും സുവർണനേട്ടം കൈവരിച്ചു. മലയിൻകീഴ് സ്കൂളിലെ പഠനകാലത്ത്  പത്താം ക്ലാസ‌് പഠനംവരെ സ്‌കൂൾ തല  കായിക മത്സരങ്ങളിൽ  പങ്കെടുത്തിട്ടുണ്ടെങ്കിലും പിന്നെയുള്ള 52 വർഷം കായിക മേഖലയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അറുപത്തേഴാം വയസ്സിലാണ് ആദ്യമായി ബെൽസി ഒരു  സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്. 
മുപ്പത് വർഷം അങ്കണവാടി  അധ്യാപികയായി ജോലി ചെയ്ത്  വിരമിച്ച ശേഷം ജഗതി സീനിയർ സിറ്റിസൺ കൂട്ടായ്മയിൽ അംഗമായതാണ് ഇപ്പോൾ മത്സരത്തിൽ  പങ്കെടുക്കാൻ കാരണമായത‌്.  കൂട്ടായ്മയുടെ യോഗത്തിൽ വിവിധ   മത്സരത്തിൽ പങ്കെടുത്തവരെ ആദരിക്കുന്നത് കണ്ടപ്പോഴാണ‌്  തനിക്കും ഇനി മത്സരങ്ങളിൽ  പങ്കെടുക്കണം എന്ന ആഗ്രഹം ബെൽസി  പങ്കുവച്ചത‌്. തുടർന്ന് ഈ ആഗ്രഹത്തിന്  സീനിയർ സിറ്റിസൻ കൂട്ടായ്മയും ജില്ലാ സ്പോർട്സ് കൗൺസിലും പൂർണ പിന്തുണ നൽകി. വൈകുന്നേരങ്ങളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ പരിശീലനത്തിന് യുവാക്കളുടെ ആവേശത്തോടെയാണ് ബെൽസി പങ്കെടുത്തത്. കഠിനാധ്വാനത്തിന്റെയും ലക്ഷ്യത്തിന്റെയും  ഫലമാണ് ഈ മിന്നുന്ന നേട്ടം. അടുത്ത മാസം 1 ,2, 3 തീയതികളിലായി   മഹാരാഷ്ട്രയിൽ നാസിക്കിൽ ദേശിയ ചാമ്പ്യൻഷിപ്പിൽ   പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ബെൽസി. ഇവിടെ വിജയിയായാൽ തായ്‌ലൻഡിൽവച്ച് നടക്കുന്ന ഏഷ്യൻ അത‌്‌ലറ്റിക്സിലും  തുടർന്ന്  ലോക അത‌്‌ലറ്റിക്സിലും പങ്കെടുക്കാൻ ബെൽസി  യോഗ്യത നേടും. 2012-ൽ ഏറ്റവും നല്ല അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ബെൽസിക്ക‌് ലഭിച്ചു. മട്ടുപ്പാവിൽ  പച്ചക്കറി കൃഷി ചെയ്തും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട‌്. മുൻ പള്ളിച്ചൽ പഞ്ചായത്ത‌് അംഗവും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ‌് അംഗവുമായിരുന്നു.  കാട്ടാക്കട താലൂക്കിന് കീഴിൽ ഇലക‌്ഷൻ വിഭാഗത്തിൽ ബൂത്ത് ലെവൽ  ഓഫീസാറാണ്  ബെൽസി.
 
ഐ ബി സതീഷ്‌ എംഎൽഎ താലൂക്ക് ഓഫീസിൽ ബെൽസിയെ ഷാൾ അണിയിച്ച് അനുമോദിച്ചു. മത്സരവിശേഷങ്ങളും ആരാഞ്ഞു.
 
മണ്ഡലത്തിലെ ഒപ്പം പദ്ധതിയിൽ പ്രവർത്തിക്കണം എന്ന് എംഎൽഎ പറഞ്ഞപ്പോൾ അതിന‌് പൂർണസമ്മതമാണ് എന്ന് അറിയിച്ച ബെൽസി 
തന്റെ ഏറ്റവും വലിയ സ്വപ്‌നം  വയോധികർക്കായി പ്രവർത്തിക്കുകയാണ് എന്നും പറഞ്ഞു. പള്ളിച്ചൽ പഞ്ചായത്തിൽ ആരംഭിക്കാൻ പോകുന്ന ‘അമ്മ വീട്’ പദ്ധതിയിൽ മുഖ്യ ചുമതലക്കാരിയായി പ്രവർത്തിക്കാൻ എംഎൽഎ ബെൽസിയെ ക്ഷണിച്ചു.
പ്രധാന വാർത്തകൾ
 Top