21 February Thursday
ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി സർവേ തുടങ്ങി

ടെക‌്നോപാർക്കിൽ ഭക്ഷ്യവിഷബാധയേറ്റത‌് 300 പേർക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
തിരുവനന്തപുരം 
ടെക്‌നോപാർക്കിൽ ഇതുവരെ മുന്നോറോളം പേർക്ക‌് ഭക്ഷ്യവിഷബാധയേറ്റതായി സർവേ. ടെക‌്നോപാർക്ക‌ിലെ ജീവനക്കാരുടെ സാംസ‌്കാരിക സംഘടനയായ പ്രതിധ്വനി നടത്തിയ സർവേയിലാണ‌് ഇക്കാര്യം വ്യക്തമായത‌്. കഴിഞ്ഞയാഴ‌്ചയാണ‌് ടെക‌്നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന നിരവധിപേർക്ക‌് ഭക്ഷ്യവിഷബാധയേറ്റത‌്. ജീവനക്കാരുടെ പരാതിയെത്തുടർന്ന‌് നഗരസഭയുടെ ആരോഗ്യവിഭാഗം ടെക‌്നോപാർക്കിലെ ഹോട്ടലുകളിലും ക്യാന്റീനുകളിലും പരിശോധന നടത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ചില ഭക്ഷണശാലകൾക്ക‌് നോട്ടീസും നൽകിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും പലതവണ പരിശോധന നടത്തി.
 
    പക്ഷേ യഥാർഥ കാരണം കണ്ടെത്താനായില്ല. തുടർന്നാണ‌് പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഓൺലൈൻ സർവേ ആരംഭിച്ചത‌്. 17 മുതൽ 19 വരെ നടത്തുന്ന സർവേയിൽ ഇതിനോടകം 300 പേർ രജിസ‌്റ്റർ ചെയ‌്തിട്ടുണ്ട‌്. വയറിളക്കും ഛർദിയും അനുഭവപ്പെട്ടവരാണ‌് രജിസ‌്റ്റർ ചെയ‌്തവരിലേറെയും. അധികമാളുകളും ടെക‌്നോപാർക്കിനുള്ളിലെ ഹോട്ടലുകളിൽനിന്ന‌് ഭക്ഷണം കഴിച്ചവരാണ‌്. പുറത്തുള്ള ഹോട്ടലുകളിൽനിന്ന‌് ഭക്ഷണം കഴിച്ചവരും ഇക്കൂട്ടത്തിലുണ്ട‌്. ഇതോടെ കുടിവെള്ളത്തിൽനിന്നാണോ വിഷബാധയേറ്റതെന്ന സംശയവും ഉയരുന്നുണ്ട‌്. 
പാർക്കിനുള്ളിലെ മിക്ക കമ്പനികളിലും ഹോട്ടലുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നത‌് ഒരേ കമ്പനികളാണ‌്.
 
സർവേയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ടെക്‌നോപാർക്കിനും സംസ്ഥാന ആരോഗ്യ വകുപ്പിനും കൈമാറുമെന്ന‌് പ്രതിധ്വനി ഭാരവാഹികൾ പറഞ്ഞു. ഭക്ഷ്യവിഷബാധ തടയാനുള്ള നിർദേശങ്ങളും പ്രതിധ്വനി മുന്നോട്ടുവയ‌്ക്കുന്നുണ്ട‌്. മാസത്തിൽ ഒരു തവണയെങ്കിലും ഭക്ഷ്യസുരക്ഷാ വിഭാഗം പാർക്കിനുള്ളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തണം. എല്ലാ കെട്ടിടത്തിലും ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ കമ്മിറ്റി രൂപീകരിക്കണം. ഒന്നിലേറെ തവണ നോട്ടീസ‌് ലഭിച്ച ഹോട്ടലുകളെ തുടരാൻ അനുവദിക്കരുത് എന്നിവയാണ‌് പ്രധാന ആവശ്യങ്ങൾ.
പ്രധാന വാർത്തകൾ
 Top