05 December Thursday

പുത്തൻ വീടിന്‌ പുസ്‌തകം സമ്മാനം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

വിഷ്ണുവിനും ആദിത്യനും കൂട്ടുകാരും അധ്യാപകരും പുസ്‌തകവും അലമാരയും സമ്മാനിക്കുന്നു

പാറശാല
സഹപാഠികളുടെ വീടിന്റെ ഗൃഹപ്രവേശനത്തിന് സമ്മാനമായി സ്കൂളിലെ കൂട്ടുകാരും അധ്യാപകരും ചേർന്ന് ഗ്രന്ഥശാലയൊരുക്കി നൽകിയത്‌ വേറിട്ട കാഴ്ചയായി. പ്ലാമുട്ടുകട പോരന്നൂർ പി ജെ ഭവനിലെ വിഷ്ണുവിനും ആദിത്യനുമാണ്‌  നല്ലൂർവട്ടം സർക്കാർ എൽപിഎസിലെ സഹപാഠികൾ ചേർന്ന്‌ വായനശാല ഒരുക്കിയത്.
 
സ്റ്റീൽ അലമാരയും അമ്പതിലേറെ പുസ്തകങ്ങളും ചേർത്താണ്‌ വായനശാല ഒരുക്കിയത്‌. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സർഗവായന സമ്പൂർണ വായന പദ്ധതിയുടെ ഭാഗമായി ക്ലാസുമുറികൾക്ക്‌ പുറമെ കുട്ടികളുടെ വീടുകളിലും ലൈബ്രറി ഒരുക്കുന്നതിൽനിന്നാണ്‌ സ്‌കൂൾ അധികൃതർക്ക്‌ സമ്മാനമായി വായനശാല എന്ന ആശയം ഉദിച്ചത്‌.
 
ആർ ഷൈനിയുടെയും പരേതനായ രാജേഷ് കുമാറിന്റെയും മക്കളാണ് ഇരുവരും. സർക്കാർ ഭവന പദ്ധതി പ്രകാരമാണ്‌ വീട് നിർമിച്ചത്‌. പുസ്തക കൈമാറ്റ ചടങ്ങിൽ ബിപിഒ എസ് കൃഷ്ണകുമാർ, പ്ലാമുട്ടുക്കട  സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി എസ് മേഘവർണൻ, വാർഡംഗം എ ആർ പ്രസൂൺ, പ്രധാനാധ്യാപിക എൽ ലയ, അധ്യാപകർ തുടങ്ങിയവർ വിദ്യാർഥികൾക്കൊപ്പം പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top