13 November Wednesday

പൊങ്കാല കല്ലിൽ ‘ലൈഫ്‌ ' ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ആറ്റുകാൽ പൊങ്കാല ഇഷ്ടിക ഉപയോഗിച്ച്‌ നഗരസഭ ഓമനയ്‌ക്ക്‌ നിർമിച്ച്‌ നൽകിയ വീട്‌

തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ ലക്ഷക്കണക്കിന്‌ സ്‌ത്രീകൾ അഗ്‌നിപകരുന്ന നിമിഷം. ഓരോ പൊങ്കാലയും തലസ്ഥാനനഗരിയിൽ അവശേഷിപ്പിക്കുന്നത്‌ ലക്ഷക്കണക്കിന്‌ ഇഷ്‌ടികകളാണ്‌. ആ പൊങ്കാല ഇഷ്‌ടികകൾ കഴിഞ്ഞ രണ്ടു വർഷമായി ഭവന രഹിതർക്ക് അനുഗ്രഹമാക്കുകയാണ്‌ മേയറും കൂട്ടരും. 2018ൽ മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പദ്ധതിയിൽ ഇന്ന്‌ കെട്ടിപ്പൊക്കിയത്‌ ഒന്നും രണ്ടുമല്ല 22 വീടാണ്‌. പൊങ്കാല ഇഷ്‌ടിക ഉപയോഗിച്ച് പാവപ്പെട്ടവർക്ക് പരമാവധി വീടുകൾ നിർമിച്ചു നൽകാനുള്ള മേയറുടെ തീരുമാനമായിരുന്നു ഈ മാറ്റത്തിന്‌ പിന്നിൽ.
 
വെള്ളയമ്പലംമുതൽ കിഴക്കേകോട്ടവരെയുള്ള ഇഷ്ടികകൾ നഗരസഭയുടെ നേതൃത്വത്തിൽ ഗ്രീൻ ആർമി പ്രവർത്തകർ ശേഖരിക്കും. ഭവനരഹിതർക്ക്‌ നഗരസഭയിൽ അപേക്ഷ നൽകുന്ന മുറയ്‌ക്ക്‌ അന്നുതന്നെ അവരുടെ ഇടങ്ങളിൽ ഈ കല്ലുകളെത്തും. അവർക്ക്‌ ഭവനം നിർമിക്കാനുള്ള തുക വിവിധ പദ്ധതികളിലായി നഗരസഭ നൽകുകയും ചെയ്യും. 2018ൽ ഭക്തജനങ്ങൾ ഈ പദ്ധതിയോട് സഹകരിക്കണമെന്ന് ആദ്യം മേയർ വി കെ പ്രശാന്ത് നേരിട്ടെത്തി അഭ്യർഥിച്ചു. പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകൾ പൊട്ടിപ്പോകാതിരിക്കാൻ റോഡിൽനിന്ന്‌ മാറ്റി സുരക്ഷിതസ്ഥലത്ത് അടുക്കിവയ്ക്കണമെന്നും അദ്ദേഹം അവരോട്‌ ആവശ്യപ്പെട്ടു. കൃത്യമായ ബോധവൽക്കരണത്തിലൂടെയാണ്‌ പ്രശാന്ത്‌ 22 കുടുംബങ്ങളുടെ സ്വപ്‌നത്തിന്‌ ചുമരും മേൽക്കൂരയും നൽകിയത്‌.
പ്രധാന വാർത്തകൾ
 Top