21 October Monday

ചരിത്രസ്മൃതികളുണര്‍ത്തി ദ്രവ്യപ്പാറ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

അമ്പൂരി പഞ്ചായത്തിലെ ദ്രവ്യപ്പാറ

വെള്ളറട
സഞ്ചാരികളെ ആകർഷിച്ച്‌ ഐതിഹ്യവും ചരിത്രവും ഇഴപിരിയുന്ന ദ്രവ്യപ്പാറ. അമ്പൂരി പഞ്ചായത്തിലെ പുറുത്തിപ്പാറ വാർഡിലാണ്‌ പ്രദേശം. നാലേക്കറോളംവിസ്തൃതി. പാറയിലേക്കു കയറാൻ 72 കൽപ്പടവുകൾ. അത്‌ കയറിയാൽ മൂന്നാൾപ്പൊക്കത്തിലുള്ള പാറ. സാഹസികമായി അതിൽ കയറിപ്പറ്റിയാൽ രണ്ടു ഗുഹകൾ കാണാം. അതിലൊന്ന് തുരങ്കത്തിന്റെ രീതിയിലാണ്. എട്ടുവീട്ടിൽപിള്ളമാരുടെയും മാടമ്പിമാരുടെയും ആക്രമണങ്ങളിൽനിന്ന് രക്ഷതേടിയ മാർത്താണ്ഡവർമക്ക് ആദിവാസികളായ കാണിക്കാൻ നിർമിച്ചതാണത്രേ ഈ പടവുകളും ഗുഹകളും. ശത്രുക്കൾ കണ്ടെത്തുമെന്നായപ്പോൾ ആര്യൻകോട്ടിൽ ഒളിവിൽക്കഴിഞ്ഞ മാർത്താണ്ഡവർമ കാണിക്കാരുടെ സഹായത്തോടെ നിബിഡവന പ്രദേശമായ അമ്പൂരിയിലേക്കു കടന്നതായും പറയുന്നു.
 
 ആദിവാസികൾ രാജാവിന് സ്വർണവും വെള്ളിയും മറ്റു നിരതദ്രവ്യങ്ങളും കാഴ്ചവയ്‌ക്കുകയും ചെയ്തു. ഇതിനാലാണ്‌ പാറയ്‌ക്ക് ദ്രവ്യപ്പാറ എന്ന പേര്‌ നൽകിയതെന്നും പറയുന്നു. മായം കോട്ടമൺപുറത്ത് ആദിവാസികൾ മാർത്താണ്ഡവർമയ്‌ക്കായി താൽക്കാലിക മൺകോട്ടയും മൺകൊട്ടാരവും പണിതത്രേ. ഒടുവിൽ ശത്രുക്കൾ അമ്പൂരിയിലെത്തിയെങ്കിലും മാർത്താണ്ഡവർമയെ കാണിക്കാർ ദ്രവ്യപ്പാറയിലെ തുരങ്കംവഴി നാഗർകോവിലിലെ മാറത്തച്ഛൻ തറവാട്ടിലെത്തിച്ചെന്നാണ്‌ വാദം. ദ്രവ്യപ്പാറയെപ്പറ്റി നിരവധി ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ സാഹസിക എക്കോ ഹിസ്റ്റോറിക്കൽ കേന്ദ്രമാക്കിമാറ്റാൻ പഞ്ചായത്ത്‌ ശ്രമം തുടങ്ങിയിട്ടുണ്ട്. മൺകോട്ടയുടെ അവശിഷ്ടങ്ങൾ നെയ്യാർ റിസർവോയർ പ്രദേശത്തു ജലനിരപ്പ്‌ കുറയുമ്പോൾ കാണാൻ കഴിയും. കാണിക്കാർക്ക്‌ 64000 ഏക്കർ ഭൂമി കരമൊഴിവാക്കി മാർത്താണ്ഡവർമ പതിച്ചുനൽകിയിരുന്നു. ഈ ഭൂമിയാണ് കാണിപ്പറ്റ് ഭൂമിയെന്നറിയപ്പെട്ടത്. ഇവിടേക്ക്‌ കുടിയേറിയവർക്കായി നടത്തിയ സമരമാണ്‌ കാണിപ്പറ്റ് കർഷകസമരം. കേരളം–-തമിഴ്നാട്‌ സംസ്ഥാനങ്ങളിലായാണ് ഇന്ന് ഈ ഭൂമി.
പ്രധാന വാർത്തകൾ
 Top