20 November Wednesday

തലസ്ഥാനം വീട്‌ "ക്ലീനാക്കും'

സ്വന്തം ലേഖികUpdated: Sunday Aug 18, 2019
തിരുവനന്തപുരം
പ്രകൃതിദുരന്തത്തിന്റെ പിടിയിലായ മലപ്പുറം ജില്ലയിൽ ശുചീകരണപ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിന്റെ 400 അംഗ സംഘം.  മൂത്തേടം, ചാലിയാർ, പോത്തുകാൽ പഞ്ചായത്തുകളിൽ അഞ്ചുദിവസം ശുചീകരണം നടത്തുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘം ഞായറാഴ്ച പുറപ്പെടും.ജില്ലാ പഞ്ചായത്ത്‌ കൗൺസിലർമാർ, ജീവനക്കാർ എന്നിവർക്കുപുറമെ മംഗലപുരം, കരകുളം, പനവൂർ, പൂവച്ചൽ, കാട്ടാക്കട, പുല്ലമ്പാറ പഞ്ചായത്തുകൾ, നെടുമങ്ങാട്, വെള്ളനാട്‌, വാമനപുരം ബ്ലോക്ക്‌ പഞ്ചായത്തുകൾ, നെടുമങ്ങാട്‌ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ ആദ്യ സംഘത്തിലുള്ളത്‌. ഘട്ടംഘട്ടമായി മറ്റ്‌ പഞ്ചായത്തുകളിൽനിന്നും സന്നദ്ധപ്രവർത്തകർ ദുരിതബാധിതപ്രദേശത്തെത്തും. കഴിഞ്ഞ വർഷം മഹാപ്രളയത്തിൽ മുങ്ങിത്താഴ്ന്ന ചെങ്ങന്നൂരിൽ ജില്ലാ പഞ്ചായത്തിന്റെ 4000 പേരടങ്ങിയ സംഘം ശുചീകരിച്ചിരുന്നു.
 
ഏത്‌ ദുരന്തത്തിലും ക്രിയാത്മകമായി ഇടപെടാൻ ‘മിത്രം’ എന്നപേരിൽ 400 അംഗ കർമസേനയെയും ഒരുക്കും. ഇതിനുള്ള തീരുമാനം ജില്ലാ പഞ്ചായത്ത്‌ കഴിഞ്ഞ വർഷംതന്നെ കൈക്കൊണ്ടിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച്‌ കർമസേന വളന്റിയർമാർക്ക്‌ മൂന്നുമാസം ശാസ്ത്രീയ പരിശീലനം നൽകും. തീപിടിത്തം, അപകടം, പ്രകൃതിദുരന്തങ്ങൾ എന്നീ സമയങ്ങളിലെല്ലാം ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും.ചൊവ്വാഴ്ച ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 83  കലക്‌ഷൻ സെന്റർ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ടുവരെ 50 ലോഡ്‌ സാമഗ്രികൾ വിവിധ ജില്ലകളിലേക്ക്‌ അയച്ചു.  ജില്ലാ പഞ്ചായത്തിന്റെ മെഡിക്കൽ സ്‌റ്റോറുകളിൽനിന്ന് ശേഖരിച്ച 20 ലക്ഷംരൂപയുടെ മരുന്നും കയറ്റിവിട്ടിരുന്നു. വെള്ളിയാഴ്ച സെന്റർ അവസാനിപ്പിച്ചതായി അറിയിച്ചെങ്കിലും സഹായപ്രവാഹം തുടരുകയാണ്‌. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പഞ്ചായത്തുകൾ മത്സരബുദ്ധിയോടെ രംഗത്തിറങ്ങി. ജില്ലാ പഞ്ചായത്ത്‌ ആസ്ഥാനത്ത്‌ ബാക്കിയായ വസ്തുക്കൾ എസ്‌എംവി സ്കൂളിലേക്ക്‌ മാറ്റി.
 
പ്രതീക്ഷയ്‌ക്ക്‌ അപ്പുറമായിരുന്നു ജനങ്ങളുടെ സഹകരണം. വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനാ  പ്രവർത്തകർ എന്നിവരടക്കം 1800 വളന്റിയർമാർ കലക്‌ഷൻ സെന്ററിൽ പ്രവർത്തിച്ചു. കഴിഞ്ഞ പ്രളയകാലത്ത് ജില്ലാ പഞ്ചായത്ത് ഒരു കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകിയിരുന്നു. ഇത്തവണ 50 ലക്ഷം നൽകുമെന്നും വി കെ മധു പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top