24 August Saturday
പാഞ്ചിക്കാട്ട് കടവ് പാലം നാടിന് സമർപ്പിച്ചു

3 വർഷം 400 പാലം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

പാറശാല - പാഞ്ചിക്കാട്ട് കടവ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നു

പാറശാല - 

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് 400 പാലത്തിന്റെ നിർമാണം പൂർത്തിയായി വരുന്നെന്ന‌് മന്ത്രി ജി സുധാകരൻ. ചെങ്കൽ- പഴയകട പാഞ്ചിക്കാട്ട്കടവ് പാലം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് പാലം യാഥാർഥ്യമായതോടെ വിരാമമാകുന്നത്. തിരുപുറം - ചെങ്കൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നെയ്യാറിന് കുറുകെ പഴയ കടയ‌്ക്ക് സമീപമാണ് പാഞ്ചിക്കാട്ട്കടവ് പാലം നിർമിച്ചിരിക്കുന്നത്. പാലം യാഥാർഥ്യമായതോടെ പൂവാർ, പഴയകട, കാഞ്ഞിരംകുളം, ചെങ്കൽ പ്രദേശങ്ങളിലുള്ളവർക്ക് പഴയകടയിലേക്കും ചെങ്കലിലേക്കും എളുപ്പത്തിലെത്താൻ സാധിക്കും. നിലവിൽ ചെങ്കൽ മേഖലയിലുള്ളവർ തിരുപുറം, കാഞ്ഞിരംകുളം ഭാഗങ്ങളിലെത്താനായി കടത്തുവള്ളമാണ് ഉപയോഗിച്ചിരുന്നത്. പാലത്തിന് 22.32 മീറ്റർ നീളവും 11 .05 മീറ്റർ വീതിയുമുള്ള മൂന്ന് സ്പാനുകളാണുള്ളത്. 7.50 മീറ്റർ ക്യാരേജ് വേയും ഇരുഭാഗത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. പാലത്തിനിരുകരകളിലുമായി 990 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. പതിനാറര കോടി രൂപ ചെലവിട്ടാണ് പാലം നിർമിച്ചത‌്.യോഗത്തിൽ കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് വി ആർ സലൂജ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ് കെ ബെൻ ഡാർവിൻ, ബ്ലോക്ക് പഞ്ചായത്തംഗം മോഹൻദാസ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ദീപ ഓമനക്കുട്ടൻ, എൻ അയ്യപ്പൻനായർ, കൊടങ്ങാവിള വിജയകുമാർ, ആറാലുമൂട് മുരളീധരൻനായർ, ആർ മുരുകേശൻ ആശാരി എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
 Top