17 October Thursday
ജലസേചനത്തിന്‌ പുത്തൻ സാങ്കേതികവിദ്യ

‘തുള്ളി’പാഴാകാതെ ചെടി നനയും

അനോബ്‌ ആനന്ദ്‌Updated: Tuesday Jun 18, 2019

ജലസേചനത്തിനായി വി​കസിപ്പിച്ച പുത്തൻ മോഡലുമായി വിദ്യയിലെ എൻജിനിയറിങ്‌ വിദ്യാർഥികൾ

കിളിമാനൂർ
കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ചെലവ് ചുരുക്കി കാര്യക്ഷമമായ  ജലസേചനം നടത്തുകയെന്നത്.  ഇതിന‌ു പരിഹാരമായി പുത്തൻ സാങ്കേതികവിദ്യ മുന്നോട്ട‌ുവയ‌്ക്കുകയാണ‌്  വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ യുവ എൻജിനിയർമാർ. ലഭ്യമായ ജലം കാര്യക്ഷമമായി ഉപയോഗിച്ച്  കൂടുതൽ വിളവ് എന്ന ലക്ഷ്യവുമായാണ‌് വിദ്യാ അക്കാദമിയിലെ അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികളായ പി വി അമൽ, ജെ എസ് അനന്തു, നിതിൽ പ്രശോഭ്, വിഷ്ണു ശങ്കർ എന്നിവർ അസി. പ്രൊഫസർ റോബിൻ ഡേവിഡിന്റെ നേതൃത്വത്തിൽ ഈ  വിദ്യ വികസിപ്പിച്ചെടുത്തത്.  
 
മണ്ണിനടിയിലേക്ക് തുളച്ചുകയറി വേരുപടലങ്ങളിലേക്ക് നേരിട്ട് വെള്ളവും വളവും നൽകുന്ന രീതിയിലാണ‌് ഈ ഉപകരണം നിർമിച്ചത്. സോളിനോയ്ടൽ വാൽവ്, മൈക്രോ കൺട്രോളർ, വാട്ടർ പമ്പ്, ന്യൂമാറ്റിക് സിലിണ്ടർ, ഡയറക‌്ഷൻ കൺട്രോൾ വാൽവ്, ഫ്ളോ മീറ്റർ എന്നിവയാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങൾ. വൻകിട ഫാർമുകളിൽ ഉപയോഗിച്ച് വരുന്ന ട്രാക്ടറിൽനിന്ന് കംപ്രെസ്ഡ് എയറിന്റെ സഹായത്താൽ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ജലദൗർലഭ്യം ഏറ്റവും അധികം നേരിടുന്ന ഗൾഫ് രാജ്യങ്ങളിൽ ഫലപ്രദമായ  രീതിയിൽ വെള്ളവും വളവും നൽകി പരിപാലിക്കാനും ഹ്രസ്വകാലവിളകൾക്കും ദീർഘ കാല വിളകൾക്കും ഫലപ്രദമായ രീതിയിൽ ജലം ലഭ്യമാക്കാനും ഈ സാങ്കേതികവിദ്യക്ക‌് കഴിയും. നനയ‌്ക്കുന്ന ജലത്തിന്റെ 80 ശതമാനവും ചെടിക്കുതന്നെ ലഭിക്കും. വെള്ളം ആവശ്യമുള്ളിടത്ത്, ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ള അളവിൽ ക്രമീകരിച്ചുനൽകാം. ഓരോ വിളയ്ക്കും വെള്ളം വ്യത്യസ്ത അളവിൽ നൽകാനും  ഇതുവഴി സാധിക്കും. വെള്ളത്തോടൊപ്പം വളംകൂടി ചേർത്ത് ‘ഫെർട്ടിഗേഷൻ’ രീതിയിൽ  വേരുപടലത്തിനടുത്തായി  നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പ്രിൻസിപ്പൽ ഡോ. ടി. മാധവരാജ് രവികുമാർ, മെക്കാനിക്കൽ വിഭാഗം മേധാവി പി ബിജീഷ്, വി ആർ ശശാങ്കൻ  (സീനിയർ ടെക്നിക്കൽ ഓഫീസർ സിടിസിആർഐ)  അസി. പ്രൊഫസർ പുത്തൻ സാങ്കേതികജി എസ് അവിനാഷ് എന്നിവർ വേണ്ട സഹായം നൽകി.
 
 
 
 
 
 
 
പ്രധാന വാർത്തകൾ
 Top