13 December Friday
സ്വർണക്കടത്ത‌്

വിഷ‌്ണു കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
കൊച്ചി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളംവഴി 25 കിലോ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ വിഷ്ണു സോമസുന്ദരം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) മുമ്പാകെ കീഴടങ്ങി. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ തിങ്കളാഴ‌്ച കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇയാളെ ചോദ്യംചെയ്യുന്നത‌് തുടരുകയാണ‌്. സ്വർണക്കടത്തിൽ ബിജു മനോഹർ, വിനീത കുമാരി, അബ്ദുൽ ഹക്കീം, പി കെ റാഷിദ്, പ്രകാശൻ തമ്പി എന്നിവർക്കൊപ്പം വിഷ്ണുവിനും നിർണായക പങ്കുണ്ടെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ. വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ ഒത്താശയോടെ പരിശോധന കൂടാതെ പുറത്തെത്തിച്ചശേഷം ജ്വല്ലറികൾക്ക് വിൽക്കുകയായിരുന്നു. കസ‌്റ്റംസ‌് ഉദ്യോഗസ്ഥരുൾപ്പെടെ സ്വർണക്കടത്തു സംഘത്തിലെ കണ്ണികളെ ഏകോപിപ്പിച്ചിരുന്നത‌് വിഷ്ണുവാണെന്നാണ് ഡിആർഐക്ക് ലഭിച്ച വിവരം. 
 
നേരത്തെ പലതവണ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയെങ്കിലും തയ്യാറാകാതെയാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.  അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ‌്‌കറിന്റെ അടുത്ത സുഹൃത്തും മാനേജരുമായിരുന്നു വിഷ്ണു. ഈ സാഹചര്യത്തിൽ ബാലഭാസ‌്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും പ്രതിയിൽനിന്ന് മൊഴിയെടുക്കും. അതിനിടെ, നേരത്തെ അറസ്റ്റിലായ സുനിൽകുമാറിനെ ബാലഭാസ‌്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top