വിതുര
തൊഴിലാളി സംഘടനകൾ സംഘടിപ്പിച്ച ദ്വിദിന ദേശീയ പണിമുടക്കിന് ചന്തമുക്കിലെ സമരപ്പന്തലിൽ വിതുര ആന്റണിയെത്തിയപ്പോൾ എല്ലാവർക്കും ആവേശമായിരുന്നു. വാർധക്യത്തിന്റെ അവശതകൾ മറന്നും കെപിഎസിയുടെ വിപ്ലവഗാനങ്ങൾ തൊഴിലാളികൾക്കുവേണ്ടി അദ്ദേഹം പാടി. അതായിരുന്നു വിതുര ആന്റണി എന്ന കലാകാരന്റെ, പുരോഗമനവാദിയുടെ അവസാനത്തെ പൊതുപരിപാടി. സിപിഐ എമ്മിന്റെയും പുരോഗമന സാംസ്കാരിക സംഘടനകളുടെയും മുൻനിരയിലെ നിത്യസാന്നിധ്യമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്.
നാടക കലാകാരനായിരുന്ന ആന്റണി നാല് സത്യൻ ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചൂഢാമണി എന്ന നാടകം സംവിധാനം ചെയ്ത് ഇരുനൂറോളം വേദികളിൽ അവതരിപ്പിച്ചു. ഹാർമോണിയം, ബുൾബുൾ, ചെണ്ട എന്നിവയിൽ വിദഗ്ധനായിരുന്നു. കഥാപ്രസംഗം പരിശീലിപ്പിച്ച് കുട്ടികളെ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനാർഹരാക്കി.
ബാലസംഘത്തിലൂടെയും പുരോഗമന കലാസാഹിത്യസംഘത്തിലൂടെയും നിരവധിപേരെ സാംസ്കാരിക രംഗത്ത് അവതരിപ്പിച്ചു. തപാൽ വകുപ്പിൽ ജോലി ലഭിച്ചതോടെയാണ് സജീവ കലാപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നത്.
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് യൂണിയന്റെ ജില്ലാ നേതാവായിരുന്നു. നിരവധി അവകാശസമരങ്ങളുടെ മുൻനിര പോരാളിയായി. വിരമിച്ചശേഷവും പെൻഷനേഴ്സ് യൂണിയൻ യോഗങ്ങൾക്കായി തന്റെ ചോർന്നൊലിക്കുന്ന വീടിന്റെ മുറ്റം ടാർപ്പകെട്ടി നൽകിയിരുന്നു. അതായിയിരുന്നു അദ്ദേഹത്തിന്റെ ആത്മാർഥതയെന്ന് സുഹൃത്തുക്കൾ സ്മരിക്കുന്നു. ചെറുപ്പത്തിൽ ഗുസ്തിയിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ടെന്നകാര്യം ചുരുക്കം ചിലർക്കേ അറിയൂ.
ചൊവ്വ പുലർച്ചെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിഐ എം വിതുര ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലിയും ലോക്കൽ സെക്രട്ടറി എസ് എൻ അനിൽകുമാറും ചേർന്ന് മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. ബുധൻ പകൽ മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..