07 July Thursday
തിരുവനന്തപുരം മെഡിക്കൽ കോളേജ്

കാർഡിയോളജി വിഭാഗത്തിന് 
അന്താരാഷ്ട്ര അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
തിരുവനന്തപുരം
മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം. പാരമ്പര്യ കൊളസ്ട്രോൾ രോഗബാധ (ഫെമിലിയൽ ഹൈപ്പർകൊളസ്റോമിയ) യെക്കുറിച്ചുള്ള പഠനത്തിനാണു നേട്ടം. മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി പ്രൊഫ. സുനിത വിശ്വനാഥൻ, പ്രൊഫ. ശിവപ്രസാദ്, പ്രൊഫ. ബി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
 
50 വയസ്സിനു താഴെയുള്ള പുരുഷന്മാരിലും 60 വയസ്സിനു താഴെയുള്ള സ്ത്രീകളിലും കാണപ്പെടുന്ന ഹൃദ്രോഗബാധയുടെ പ്രധാന കാരണമാണ്‌ പാരമ്പര്യ കൊളസ്ട്രോൾ രോഗം. ഇതുമായി ബന്ധപ്പെട്ടു 54 പേരിൽ നടത്തിയ പഠനത്തിൽ 19- ഓളം പുതിയ ജനിതക വ്യതിയാനങ്ങൾ കണ്ടെത്തി. ഇതിൽ ഒമ്പതു ജനിതക വ്യതിയാനങ്ങൾ ഇന്ത്യയിൽനിന്ന് ആദ്യമായാണ്‌ റിപ്പോർട്ട് ചെയ്യുന്നത്. ഒരെണ്ണം ലോകത്തുതന്നെ ആദ്യമായി കണ്ടുപിടിക്കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ 30 വയസ്സുള്ള  രോഗിയിലാണ് ഈ ജനിതക വ്യതിയാനം കണ്ടെത്തിയത്.
 
 കണ്ടുപിടിത്തത്തിന് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തി(എൻ ഐ എച്ച്)ന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന്റെ(എൻ സി ബി ഐ) പ്രത്യേക പരാമർശം ലഭിച്ചു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് ഇത്തരമൊരു നേട്ടം. ചെറുപ്പക്കാരെ ബാധിക്കുന്ന ഹൃദ്രോഗ കാരണങ്ങളിലേക്കുള്ള തുടർ ഗവേഷണത്തിനുള്ള നാഴികക്കല്ലുകൂടിയാണ് ഈ കണ്ടുപിടിത്തം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top