14 June Monday
ഓടിയെത്താൻ ഡിവൈഎഫ്‌ഐയുണ്ട്

വയറെരിയില്ല:
 മിഴിനിറയില്ല

സ്വന്തം ലേഖികUpdated: Tuesday May 18, 2021

ഡിവെെഎഫ്ഐ ആരംഭിച്ച സമൂഹ അടുക്കളയിൽ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തിൽ 
ഭക്ഷണപ്പൊതി തയ്യാറാക്കുന്നു. (ഫയൽ ചിത്രം)

തിരുവനന്തപുരം
സാമൂഹ്യ അകലം പാലിക്കുമ്പോഴും അന്യന്റെ വിശപ്പും കണ്ണീരും തുടച്ചുമാറ്റാൻ ഡിവൈഎഫ്‌ഐ ഒപ്പമുണ്ട്‌. രോഗത്തെ പിടിച്ചുകെട്ടാൻ നാട്‌ വീണ്ടും കൊട്ടിയടച്ചപ്പോൾ ഒരാളും പട്ടിണിയാകില്ലെന്ന്‌ യുവതയുടെ സമരഭടന്മാർക്ക്‌  ഉറപ്പുണ്ടായിരുന്നു. 
 
സ്‌നേഹം 15,000 കിറ്റിലൂടെ 
‘സ്‌നേഹക്കിറ്റ്‌ ’ക്യാമ്പയിനിലൂടെ ലോക്‌ഡൗൺ കാലത്ത്‌  10,000 ഭക്ഷ്യക്കിറ്റ്‌  വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്‌. എന്നാൽ, ഒരാഴ്ച പിന്നിടുമ്പോൾ തന്നെ 15,000 ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്തു. വരുംദിവസങ്ങളിലും കിറ്റുകൾ വിതരണം ചെയ്യും. സർക്കാർ കിറ്റുകൾ വിതരണം ചെയ്യുന്ന സാഹചര്യത്തിൽ അതിലുൾപ്പെടാത്ത പച്ചക്കറിയും മറ്റ് ധാന്യവർഗങ്ങളുമാണ്  സ്നേഹക്കിറ്റിലുള്ളത്‌. കൂടാതെ, ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമൂഹിക അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്. 
 
സ്‌നേഹവണ്ടികൾ 276
കോവിഡ്‌ രോഗികളെ കൊണ്ടുപോകാൻ വാഹനം കുറവാണെന്ന്‌ അറിഞ്ഞപ്പോൾ തന്നെ പരിഹരിക്കാൻ മുന്നിട്ടിറങ്ങി. സ്നേഹവണ്ടി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലാകമാനം 276 വാഹനവും15 ആംബുലൻസും സന്നദ്ധസേവനത്തിനായി പ്രവർത്തിക്കുന്നുണ്ട്. രക്തക്ഷാമം ഉണ്ടാകാതിരിക്കാൻ ജീവധാര രക്തദാന ക്യാമ്പുകൾ  ആരംഭിച്ചു. ‘വാക്സിനേഷന് മുമ്പ്‌ രക്തദാനം’ എന്ന ക്യാമ്പയിനിൽ ഇതുവരെ 789 പേർ രക്തം ദാനംചെയ്‌തു. കോവിഡ് ബാധിച്ച് മരിച്ച 383 മൃതദേഹവും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംസ്കരിച്ചു.
 
സന്നദ്ധസേവനത്തിന്‌ 5000 പേർ
കോവിഡ്‌ ജില്ലാ ഹെൽപ് ലൈനിലേക്ക്‌ ലോക്‌ഡൗൺ ആരംഭിച്ചതുമുതൽ ഇതുവരെ എത്തിയത്‌ 1000 ൽ അധികം കോൾ. ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ലോക്‌ഡൗൺ കാലത്ത് മാത്രം 20,000 ലധികം ഭക്ഷണപ്പൊതിയും  വിതരണം ചെയ്തു. 
ജില്ലയിലാകമാനം 56 കോവിഡ്‌  കേന്ദ്രം ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചു. വിമെൻസ് കോളേജിൽ പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂമിൽ ദിനംപ്രതി ഓക്സിജൻ സിലിണ്ടറുകൾ കയറ്റിറക്ക്‌ നടത്തുന്നതും ഈ യുവജനങ്ങളാണ്‌. പ്രതീക്ഷിക്കാതെ എത്തിയ മഴയിൽ കേടുപാടുണ്ടായ 10 വീട്‌ അറ്റകുറ്റപ്പണി ചെയ്തുനൽകി. അയ്യായിരത്തിലധികം വളന്റിയർമാർ ജില്ലയിലെ സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top