20 September Friday

മെഡി. കോളേജിൽ കാരുണ്യപദ്ധതിയുടെ ഗുണഭോക്താക്കളിൽ വൻവർധന

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൗകര്യങ്ങളും സേവനങ്ങളും വർധിക്കുന്നതിന്റെ ചുവടുപിടിച്ച് ചികിത്സാപദ്ധതി ഉപയോഗിക്കുന്നതിലും വൻവർധന. കാരുണ്യ ബെനവലന്റ് ഫണ്ട് 2017-–-18ലെ അപേക്ഷിച്ച് 2018–-19ൽ 60 ശതമാനത്തിലധികം വർധനയാണുണ്ടായത്. സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സാ സൗകര്യങ്ങളിൽ വലിയതോതിലുള്ള മാറ്റങ്ങൾ വന്നിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ടുകൾ ഇല്ലാതെയും വിദഗ്ധ ചികിത്സ ലഭ്യമായതിന്റെ ചുവടുപിടിച്ചാണ് കാരുണ്യ ബെനവലന്റ് പദ്ധതി ഉപയോഗിച്ച് ഇത്രയധികം രോഗികൾ ചികിത്സയ്ക്കെത്തിയത്. മന്ത്രി കെ കെ ശൈലജയുടെ നിർദേശങ്ങളും ഇടപെടലും പുതിയ പദ്ധതികൾ കാലതാമസമില്ലാതെ പ്രാവർത്തികമാക്കാൻ കാരണമായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമദ് എന്നിവർ ആശുപത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിൽ പൂർണമായി വിജയിക്കുകയും ചെയ്തു.
 
മുമ്പത്തേക്കാളുപരി രോഗികൾ ആശുപത്രിയിലെ നവീന ചികിത്സാ സൗകര്യങ്ങളെയും ചികിത്സാ പദ്ധതികളെയുംപറ്റി വ്യക്തമായ ധാരണയോടെയാണ് ചികിത്സയ്ക്കെത്തുന്നത്. ഇത‌് ഒരു പരിധിവരെ രോഗികൾ ചികിത്സാപദ്ധതി കൂടുതലായി ഉപയോഗിക്കുന്നതിന് അവസരമൊരുക്കി. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൻകീഴിൽ ചികിത്സ ലഭിക്കുന്നവയിൽ പ്രധാനപ്പെട്ട വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോളജി, നെഫ്രോളജി എന്നിവിടങ്ങളിലായി ഈ സാമ്പത്തിക വർഷം 3281 രോഗികൾക്കാണ് ചികിത്സ ലഭ്യമായത്. സർക്കാർ ആശുപത്രിയിലെ വിദഗ്ധ ചികിത്സാസൗകര്യം ഉപയോഗിച്ച് സർക്കാർ പദ്ധതിയിലൂടെ പണച്ചെലവില്ലാതെ ഇത്രയധികം രോഗികൾക്ക് ചികിത്സ ലഭ്യമാക്കിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഖ്യാതി ഉയരുകയാണ്. 
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധിപ്പിച്ച താലോലം, കാൻസർ സുരക്ഷ, ആർബിഎസ്‌കെ, ആരോഗ്യകിരണം പദ്ധതികളിലൂടെയും രോഗികൾക്ക‌് തൃപ്തികരമാംവിധം ചികിത്സ ലഭ്യമാക്കാൻ ഇടയാക്കി.
 
 
പ്രധാന വാർത്തകൾ
 Top