05 April Sunday

മൊബൈൽ ഉടമകൾ ‘ആപ്പി’ലാകും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

തിരുവനന്തപുരം

മാലിന്യപരിപാലന മേഖലയിൽ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം തിരുവനന്തപുരം നഗരസഭ കൂടുതൽ കാര്യക്ഷമമാക്കും. നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം, ഗ്രീൻ ട്രിവാൻഡ്രം മൊബൈൽ ആപ്പുകൾ നഗരവാസികളായ മുഴുവൻ മൊബൈൽ ഉപയോക്താക്കളിലും എത്തിക്കും. ഇതിനായി ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.  സ്വാതന്ത്ര്യദിനത്തിൽ സമ്പൂർണ മാലിന്യമുക്ത നഗരമാകാനുള്ള കർമപദ്ധതി കോർപറേഷൻ ഏറ്റെടുക്കുമെന്ന്‌ മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വികേന്ദ്രീകൃത, ഉറവിട മാലിന്യ പരിപാലന സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നതിനാണ്‌ കർമപദ്ധതിയിൽ ഊന്നൽ. വീടുകളിലെ ജൈവമാലിന്യ പരിപാലനത്തിനായി 50,000 ബയോ കമ്പോസ്റ്റർ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ജൂണോടെ പൂർത്തീകരിക്കുമെന്ന് മേയർ പറഞ്ഞു. നിലവിൽ പതിനയ്യായിരത്തിലധികം ബയോകമ്പോസ്റ്റിങ്‌ ബിന്നുകൾ സ്ഥാപിച്ചു. എയ്‌റോബിക്‌ ബിന്നുകളുടെയും സാധനങ്ങൾ ശേഖരിക്കൽ കേന്ദ്രങ്ങളുടെയും (മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി,  എംആർഎഫ്‌) എണ്ണം 54ൽനിന്ന്‌ 200 ആയി വർധിപ്പിക്കും. നിലവിലുള്ളവ ആധുനികവൽക്കരിക്കും. 200 പോർട്ടബിൾ എയ്‌റോബിക്‌ ബിന്നുകളും സ്ഥാപിക്കും. ജൂലൈ പകുതിയോടെ ലക്ഷ്യം പൂർത്തീകരിക്കും.  10 പ്രാദേശിക കളക്‌ഷൻ കേന്ദ്രങ്ങൾ ഉറപ്പാക്കും. യുഎൻഡിപിയുടെ സഹകരണത്തോടെ പ്ലാസ്റ്റിക്‌ റീസൈക്ലിങ്‌ പ്ലാന്റ് തുടങ്ങും. നഗരത്തിലെ സ്മാർട്ട് ഡ്രൈവേസ്റ്റ് സെഗ്രിഗേഷൻ കളക്‌ഷൻ ഹബ്ബുകൾ 200 ആക്കും. നിലവിലുള്ളത്‌ നാലാണ്‌.  ഇതിന് സ്വകാര്യ സംരംഭകരുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടും. ജൂൺ പകുതിയോടെ ഇവ ഉറപ്പാക്കും. മെയ്‌ അവസാനത്തോടെ കരിയില സംഭരണികളുടെ എണ്ണം മൂന്നിൽനിന്ന് 100 ആക്കും. പാളയം, അട്ടക്കുളങ്ങര എന്നിവിടങ്ങളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നടപടികൾ ആരംഭിച്ചു. പാളയത്തെ മാലിന്യനിക്ഷേപം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ബയോമൈനിങ്‌ നടത്തുന്നതിനുള്ള ടെൻഡറായി. ആഗസ്‌തിനകം രണ്ട്‌ കേന്ദ്രങ്ങളിലെയും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. ഗ്രീൻആർമി സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും.   ബോധവൽക്കണ പരിപാടികൾക്ക്‌ ഹരിത നഗരോത്സവം വേനൽക്കാല ക്യാമ്പുകളോടെ  തുടക്കം കുറിക്കും. പരിപാടികൾക്കായി 1000 മെന്റർമാരെ പരിശീലിപ്പിക്കും. നഗരത്തിലെ സ്‌കൂൾ–- കോളേജ് വിദ്യാർഥികളിൽനിന്ന് 12,500 പേരുടെ പ്രചാരണസംഘത്തിന്‌ ഈ മെന്റർമാർ പരിശീലനം നൽകും. രണ്ടുപേർ വീതം അടങ്ങുന്ന പ്രചാരണ ദൗത്യസംഘങ്ങൾവഴി നഗരത്തിലെ രണ്ടേകാൽ ലക്ഷം ഭവനങ്ങളിൽ സീറോ വേസ്റ്റിന്റെ സന്ദേശങ്ങളും മാലിന്യപരിപാലന ബോധവൽക്കരണവും എത്തിക്കുമെന്നും മേയർ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top