04 April Saturday

കരകുളത്ത് വൻ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

മുല്ലശ്ശേരിയിൽ സ്വകാര്യ ഭൂമിയിൽ തീപിടിച്ചപ്പോൾ

പേരൂർക്കട

കരകുളം മുല്ലശ്ശേരിയിൽ സ്വകാര്യ ഭൂമിയിൽ വൻ തീപിടിത്തം. പി എ അസീസ് എൻജിനിയറിങ്‌ കോളേജിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച് കിടക്കുന്ന 30 ഏക്കറിലധികം വരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പകൽ രണ്ടോടെയായിരുന്നു സംഭവം.  നെടുമങ്ങാട് ഫയർ സ്റ്റേഷനിൽനിന്ന് രണ്ടു ഫയർ യൂണിറ്റ് എത്തി തീയണയ്ക്കാൻ ശ്രമം നടത്തി. ചെങ്കൽചൂളയിൽനിന്ന്‌ 2 ഫയർ യൂണിറ്റ് കൂടി എത്തിയാണ്‌ തീയണച്ചത്‌. ശക്തമായ കാറ്റ് തീയണയ്ക്കാൻ തടസ്സമായി. നെടുമങ്ങാട് ഫയർസ്‌റ്റേഷനിലെ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർമാരായ അജികുമാർ, അനിൽകുമാർ ചെങ്കൽചൂള ഫയർസ്റ്റേഷൻ അസി. ഓഫീസർ സന്തോഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 30 ഓളം സേനാംഗങ്ങളും നെടുമങ്ങാട്, അരുവിക്കര പൊലീസും നാട്ടുകാരും ചേർന്ന് 4 മണിക്കൂറോളം ശ്രമിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. നെടുമങ്ങാട് ലാന്റ് റവന്യൂ തഹസിൽദാർ അനിൽ ജോസ് അരുവിക്കര സിഐ ഷിബുകുമാർ, നെടുമങ്ങാട് എസ്ഐ സുനിൽ ഗോപി, സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വേനൽ കഠിനമായതോടെ തീപിടിത്തത്തിന് സാധ്യത കൂടുതലാണെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും ഫയർഫോഴ്സ് അറിയിച്ചു.

പ്രധാന വാർത്തകൾ
 Top