13 December Friday
ആയിരങ്ങൾ പങ്കെടുത്ത റാലി

നവോത്ഥാനം കാലാനുസൃതമായി മുന്നോട്ട്‌ കൊണ്ടുപോകണം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Nov 17, 2019

സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക വജ്ര ജൂബിലി ആഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
നവോത്ഥാനമുന്നേറ്റത്തിന്റെ തുടർച്ച കാലത്തിന്‌ അനുയോജ്യമായ രീതിയിൽ മുന്നോട്ട്‌ കൊണ്ടുപോകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.   ദക്ഷിണകേരള മഹായിടവക വജ്രജൂബിലി ആഘോഷത്തിന് നൽകിയ വീഡിയോസന്ദേശത്തിലാണ്‌  മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌.
നവോത്ഥാനത്തിന്റെ പാരമ്പര്യമുള്ളതാണ്‌ സിഎസ്‌ഐ സഭ. വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളിൽ സഭ മാതൃകാപരമായ പ്രവർത്തനം നടത്തി. അധഃസ്ഥിതർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു. ദുർബലവിഭാഗങ്ങളെ  മുഖ്യധാരയിൽ എത്തിച്ചു. മതസൗഹാർദം ഉയർത്തിപ്പിടിച്ചു. രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്ന ആശയങ്ങൾക്ക്‌ പ്രാധാന്യമുള്ള കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കപടവിശ്വാസികളുടെ മുതലെടുപ്പിന്‌ ചട്ടുകമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന്‌ മന്ത്രി പറഞ്ഞു. ഇതിന്‌ പുരോഗമന ചിന്താഗതിക്കാരായ എല്ലാവരും ഒരുമിച്ച്‌ നിൽക്കണം. കാരക്കോണം മെഡിക്കൽ കോളേജ്‌ പ്രവേശനത്തിന്‌ സംവരണം പുനഃസ്ഥാപിക്കണമെന്ന സഭയുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ജെ സി ഡാനിയൽ, സത്യൻ, പ്രേംനസീർ എന്നിവരുടെ സ്‌മരണകൾ പുതുതലമുറയ്‌ക്ക്‌ പകരാൻ നഗരസഭയുമായി ചർച്ചചെയ്‌ത്‌ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിഷപ്‌ ധർമരാജ്‌ റസാലം അധ്യക്ഷനായി.
പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. സഭമുദ്ര പതിച്ച സ്‌റ്റാമ്പ്‌, പോസ്‌റ്റ്‌ കവർ എന്നിവ ചീഫ്‌ പോസ്‌റ്റ്‌ മാസ്‌റ്റർ ജനറൽ സയ്യിദ്‌ റഷീദ്‌ പ്രകാശനംചെയ്‌തു. ഡി എൻ കാൽവിൻ കിസ്‌റ്റോ പ്രമേയം അവതരിപ്പിച്ചു. അടൂർ പ്രകാശ്‌ എംപി, എംഎൽഎമാരായ കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ്‌, വി എസ്‌ ശിവകുമാർ, കെ എസ്‌ ശബരീനാഥൻ, എം വിൻസെന്റ്‌, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു, കെടിഡിസി ചെയർമാൻ എം വിജയകുമാർ, ഡോ. ആർ ജ്ഞാനദാസ്‌, സി റോബർട്ട്‌ ബ്രൂസ്‌, സ്‌റ്റാൻലി ജോർജ്‌, ഷേർളി റസാലം എന്നിവർ സംസാരിച്ചു. ഡോ. പി കെ റോസ്‌ബിറ്റ്‌ സ്വാഗതവും വിക്ടർ ശാമുവൽ നന്ദിയും പറഞ്ഞു. ബിഷപ്‌ യേശുദാസനെക്കുറിച്ചുള്ള വീഡിയോ  പ്രകാശനംചെയ്‌തു. സമ്മേളനത്തിന്‌ മുന്നോടിയായി സഭാംഗങ്ങൾ അണിനിരന്ന മഹാറാലിയും സംഘടിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top